Skip to main content

കൊടുങ്ങല്ലൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം: വിജ്ഞാന വിസ്മയം തീര്‍ത്ത് രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായി

 

കൊടുങ്ങല്ലൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ രണ്ടാം ദിനം വൈവിധ്യമാര്‍ന്ന പ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങളാല്‍ ആവേശകരമായി പൂര്‍ത്തിയായി. വിജ്ഞാനവും ക്രിയാത്മകതയും ഒത്തുചേര്‍ന്ന മേളയില്‍ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒ.എല്‍.എഫ്.ജി.എച്ച്.എസ്, സെന്റ് മേരീസ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

 

സയന്‍സ് എല്‍.പി. തല മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 32 പോയിന്റുകളോടെ പനങ്ങാട് സെന്റ് ജോര്‍ജ് മിക്‌സഡ് എല്‍.പി. സ്‌കൂളും പാപ്പിനിവട്ടം എ.എം.യു.പി. സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 29 പോയിന്റോടെ മതിലകം സെന്റ് മേരീസ് എല്‍.പി.എസ് രണ്ടാം സ്ഥാനവും 28 പോയിന്റോടെ പോയിലുങ്ങപറമ്പ് എച്ച്.യു.പി.എസ് മൂന്നാം സ്ഥാനവും നേടി.

 

സയന്‍സ് യു.പി. വിഭാഗത്തില്‍ മതിലകം സെന്റ് ജോസഫ് എച്ച്.എസ്.എസ്, കോണത്തകുന്ന് ജി.യു.പി.എസ്, പാപ്പിനിവട്ടം എ.എം.യു.പി.എസ് എന്നീ വിദ്യാലയങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 

ഇതുവരെ പൂര്‍ത്തിയായ പ്രവൃത്തിപരിചയമേളയിലെയും എല്‍.പി, യു.പി വിഭാഗങ്ങളിലെ സയന്‍സ് മേളയിലെയും പോയിന്റുകളുടെ അടിസ്ഥാനത്തില്‍ മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പനങ്ങാട് എച്ച്.എസ്.എസ്, കൊടുങ്ങല്ലൂര്‍ കെ.ജി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളാണ്  യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഇന്ന് (ശനിയാഴ്ച) നടക്കുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി വിഭാഗങ്ങളിലെ അവസാനഘട്ട മത്സരഫലങ്ങള്‍ കൂടി കണക്കാക്കിയാവും ഉപജില്ലയിലെ ഓവറോള്‍ ചാമ്പ്യന്മാരെ നിശ്ചയിക്കുക.

 

date