ക്രിയാത്മക കൗമാരം: ടീൻസ് ക്ലബ് നോഡൽ അധ്യാപകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ വളർച്ച ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കൗമാര ബോധവത്കരണ പരിപാടിയായ ‘ക്രിയാത്മക കൗമാരം – കരുത്തും കരുതലും’ പദ്ധതിയുടെ ഭാഗമായി ടീൻസ് ക്ലബ് നോഡൽ അധ്യാപകർക്കായി ഏകദിന അഡോളസെന്റ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കാവ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ നടന്ന ശിൽപശാല ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി എ.ഇ.ഒ. മൃദുല അധ്യക്ഷത വഹിച്ചു.
കൗമാരപ്രായക്കാരായ വിദ്യാർഥികൾ നേരിടുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെയും വെല്ലുവിളികളെയും അനുഭാവപൂർവം സമീപിക്കാനും അവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും സ്കൂൾതല സമിതികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.
ഡയറ്റ് സീനിയർ ലക്ചറർ ഡോ. കെ. സലിമുദ്ദീൻ, നടക്കാവ് ജി.വി.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക സീന എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ നടന്ന സെഷനുകൾക്ക് ഡോ. സുജീറ, ഡോ. പൗലീന ജെയിംസ്, എം.വി. ജാനിഷ്, വി. ദീപ , ഡോ. ടി.പി. സുനിത എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകർ ശിൽപശാലയിൽ പങ്കെടുത്തു.
- Log in to post comments