എറണാകുളത്ത് അനധികൃത പാർക്കിങ്ങിനും വാഹനങ്ങളിലെ രൂപമാറ്റത്തിനുമെതിരെ പരിശോധന; 122 കേസുകൾ
*വിവിധ നിയമലംഘനങ്ങളിലായി 1,84,750 രൂപ പിഴ ഈടാക്കി.
ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന തരത്തിലുള്ള അനധികൃത പാർക്കിങ്ങും വാഹനങ്ങളിലെ നിയമവിരുദ്ധമായ രൂപമാറ്റങ്ങളും കണ്ടെത്തുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്റ് മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ പ്രത്യേക പരിശോധന നടത്തി. സ്പെഷ്യൽ ഡ്രൈവ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 122 കേസുകൾ കണ്ടെത്തി. വിവിധ നിയമലംഘനങ്ങളിലായി 1,84,750 രൂപ പിഴ ഈടാക്കി.
ജില്ലയിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളായ ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കാക്കനാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റോഡരികിലെ അനധികൃത പാർക്കിങ്, രാത്രികാലങ്ങളിൽ എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തീവ്ര വെളിച്ചമുള്ള ലൈറ്റുകൾ, ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഹോണുകൾ, മറ്റ് വാഹനങ്ങളുടെ രൂപമാറ്റങ്ങൾ എന്നിവയ്ക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്.
പരിശോധനയിൽ ആകെ 122 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ കാർ-ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് 53 കേസുകൾ രജിസ്റ്റർ ചെയ്തു. ലൈറ്റ്, ഹോൺ എന്നിവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ആൾട്ടറേഷനുകൾക്ക് ഏഴ് കേസുകളുമാണ് എടുത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെയും വാഹനങ്ങൾ നിരത്തിലിറക്കുന്നതിനെതിരെയും നടപടിയെടുത്തു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു. യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനുമായി ഇത്തരം പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് 1,84,750 രൂപ പിഴയിനത്തിൽ ഈടാക്കി.
- Log in to post comments