ദേശീയ സരസ് മേള: സംഘാടക സമിതി രൂപീകരിച്ചു കുടുംബശ്രീക്ക് ലോകോത്തര അക്കാദമിക് ക്യാമ്പസ് ഒരുക്കും; മന്ത്രി കെ.എം. ഷാജി
ദാരിദ്ര്യ നിർമാർജനത്തിൽ നിന്ന് തുടങ്ങി മികച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന വലിയ പ്രസ്ഥാനമായി വളർന്ന കുടുംബശ്രീയുടെ തുടർമുന്നേറ്റത്തിനായി ലോകോത്തര നിലവാരമുള്ള അക്കാദമിക് ക്യാമ്പസ് ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. ഡിസംബര്‍ 22 മുതല്‍ 31 വരെ ജില്ലയിലെ തലപ്പാറയ്ക്കടുത്ത വലിയപറമ്പില്‍ നടത്തുന്ന കുടുബശ്രീ ദേശീയ സരസ് മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം വലിയപറമ്പ് പുള്ളാട്ട് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾക്ക് അവരുടെ സംരംഭകത്വ സംബന്ധമായ ആവശ്യങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും അക്കാദമികമായി പരിഹാരം കാണാൻ കഴിയുന്ന രീതിയിലായിരിക്കും ഈ വലിയ ക്യാമ്പസ് യാഥാർഥ്യമാക്കുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെ ദേശീയ മേള മലപ്പുറത്ത് നടക്കുമ്പോൾ അതൊരു ചരിത്രവിജയമാകും. സംസ്ഥാനത്തെ വലിയൊരു ശതമാനം സ്ത്രീകൾ ഇപ്പോഴും വീടുകൾക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടുന്ന സാഹചര്യമുണ്ട്. ഇവരെ സാമ്പത്തിക മുഖ്യധാരയിലേക്കും മികച്ച സംരംഭകത്വത്തിലേക്കും കൊണ്ടുവരിക എന്നതാണ് കുടുംബശ്രീ ഇത്തരം മേളകളിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള, പുതിയ കാലത്തെ വിപണന തന്ത്രങ്ങൾ നന്നായി അറിയാവുന്ന പുതിയ തലമുറയിലെ പെൺകുട്ടികൾ കുടുംബശ്രീയോടൊപ്പം ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
സംരംഭകത്വം, സ്ത്രീ ശാക്തീകരണം, സാംസ്കാരിക വിനിമയം എന്നിവ ലക്ഷ്യമാക്കി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം ഉൽപ്പന്ന-ഭക്ഷണ സ്റ്റാളുകൾ സജ്ജീകരിക്കും. 14 സംസ്ഥാനങ്ങളിലെ തനത് രുചിഭേദങ്ങളും ഫ്യൂഷൻ വിഭവങ്ങളും അണിനിരത്തുന്ന വിപുലമായ ഫുഡ് കോർട്ടാണ് മേളയുടെ പ്രധാന ആകർഷണം. മൺപാത്ര-കരകൗശല ശിൽപ നിർമ്മാണങ്ങളുടെ തത്സമയ പ്രദർശനവും കുട്ടികൾക്കുള്ള പ്രത്യേക പരിശീലനവും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. പ്രമുഖർ പങ്കെടുക്കുന്ന ടോക്ക് ഷോകൾ, തനത് കലാപരിപാടികൾ, സന്ദർശകർക്കായി ഓപ്പൺ ക്യാൻവാസ്, ഓപ്പൺ മൈക്ക്, ഫോട്ടോ ബൂത്ത്, റീൽസ് മത്സരം എന്നിവയും മേളയിലുണ്ടാകും. കുട്ടികൾക്കായി പഴയകാല കളികൾ ഉൾപ്പെടുത്തിയുള്ള അമ്യൂസ്മെന്റ് സോണും സുരക്ഷിതമായ ചിൽഡ്രൻസ് കോർണറും മേളയുടെ മാറ്റുകൂട്ടും
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പി.കെ നവാസ് എം.എൽ.എ അധ്യക്ഷനായി. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ലീഷ മോഹൻ എം പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി പി.കെ.സി. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.പി. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് മുജീബ് പൂളക്കല്‍, സെക്രട്ടറി പി.ആര് രോഹില്‍നാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ അബൂതാഹിര്‍ (വേങ്ങര), സി. നൗഷാദ് (താനൂര്‍), റജുല പെലത്തൊടി (മലപ്പുറം), കോട്ടയ്ക്കല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ നാസര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.കെ അസ്ലു, ഷാഹിന നിയാസി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലൈല പുല്ലൂണി (എ.ആര് നഗര്‍), എൻ. ടി. അബ്ദുൽ നാസർ (വേങ്ങര), വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൂസൈറ മൻസൂർ, എ ആർ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുളിക്കശ്ശേരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സഫുറ ഇ വി, വേലായുധൻ, മുനവ്വർ കെ പി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി.ഒ സാദിഖ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. സിദ്ദീഖ്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്, എ.ആര്. നഗര്‍ സിഡിഎസ് അധ്യക്ഷ സി. ഷെറീന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മേളയുടെ വിജയകരമായ നടത്തിപ്പിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ എന്നിവരാണ് രക്ഷാധികാരികൾ. എം.പിമാരായ പ്രിയങ്ക ഗാന്ധി, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, പി.പി. സുനീർ എന്നിവരും ജില്ലയിലെ എം.എല്‍.എമാരും ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, നബാർഡ് ഡി.ഡി.എം, ലീഡ് ബാങ്ക് മാനേജർ എന്നിവരും രക്ഷാധികാരികളാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി വൈസ് ചെയർമാനും കുടുംബശ്രീ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ വിഘ്നേശ്വരി ജനറൽ കൺവീനറുമാണ്. മേളയുടെ സുഗമമായ നടത്തിപ്പിനായി 14 സബ് കമ്മിറ്റികൾക്കും രൂപം നൽകി.
- Log in to post comments