Skip to main content
ഭവന പദ്ധതി: രണ്ടാംഗഡു തുക വിതരണം ചെയ്തു

ഭവന പദ്ധതി: രണ്ടാംഗഡു തുക വിതരണം ചെയ്തു

നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ പി.എം ജന്‍മന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഗഡു വിതരണം ചെയ്തു. ഒന്‍പത് പേര്‍ക്കാണ് ബ്ലോക്ക് വിഹിതമായ രണ്ടാംഗഡു ഭവന നിര്‍മാണത്തിനായി വിതരണം ചെയ്തത്. 60,000 രൂപ വീതമാണ് രണ്ടാം ഗഡുവായി കൈമാറിയത്. വിതരണോദ്ഘാടനം കെ പ്രേമന്‍ എം.എല്‍.എ നിര്‍വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്‍ അധ്യക്ഷയായി. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി.എസ് ശുഭ പദ്ധതി വിശദീകരിച്ചു.

ഒരു വീടിന്റെ നിര്‍മാണത്തിനായി ആറു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ 1,20,000 രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമാണ്. അഞ്ചുമാസം മുന്‍പ് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വീതം 19 പേര്‍ക്ക് നല്‍കിയിരുന്നു. നിലവില്‍ 5.40 ലക്ഷം രൂപയാണ് പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്. ബാക്കി തുക ലഭിക്കുന്ന മുറയ്ക്ക് മറ്റ് ഗുണഭോക്താക്കള്‍ക്കും വിതരണം പൂര്‍ത്തിയാക്കും.

അയിലൂര്‍ ചെറുനെല്ലി, കല്‍ച്ചാടി ഉന്നതിയില്‍ നടന്ന പരിപാടിയില്‍ അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വൈസ് പ്രസിഡന്റ് തോട്ടം നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.എല്‍ദോ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ, ഉഷ ഗോപിനാഥ്, സി.വി.വേലുക്കുട്ടി, സെക്രട്ടറി കെ. ദിനേഷ്,  നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. വത്സല, നിഷാ ഹൈദ്രാലി, എസ്. വിസ്‌നേഷ്, എസ്. വിനോദ്, സുബിത മുരളീധരന്‍, അയിലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എമിലി ബിജു, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date