കുണ്ടറയില്‍ ടൂറിസം വികസനക്കുതിപ്പ്; ടെക്നോപാര്‍ക്കില്‍ വര്‍ക്കേഷന്‍ ഹബ്ബിന് 9.92 കോടി രൂപയുടെ ഭരണാനുമതി മന്ത്രി പി സി വിഷ്ണുനാഥിന്റെ ഇടപെടലില്‍ നൂതന ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം
കുണ്ടറയെ നൂതന ടൂറിസം ഭൂപടത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന വര്‍ക്കേഷന്‍ ഹബ്ബിന് 9.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടൂറിസം, സാംസ്‌കാരികം, സിനിമ മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. കുണ്ടറ ടെക്നോപാര്‍ക്കില്‍ ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് അനുമതി ലഭിച്ചത്.
ടൂറിസവും തൊഴിലും ഒരുമിപ്പിക്കുന്ന ആശയമാണ് വര്‍ക്കേഷന്‍. ടൂറിസം കേന്ദ്രങ്ങളില്‍ താമസിച്ചുകൊണ്ട് ഔദ്യോഗിക ജോലികള്‍ വിദൂരമായി നിര്‍വഹിക്കാന്‍ കഴിയുന്ന ഈ സംവിധാനത്തിന് അതിവേഗ ഇന്റര്‍നെറ്റ്, താമസസൗകര്യം, പ്രവര്‍ത്തന ഇടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകരെയും തൊഴില്‍ വിഭാഗങ്ങളെയും കുണ്ടറയിലേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി വെല്‍ക്കം സെന്റര്‍ ആന്‍ഡ് റെസ്റ്ററന്റ്, സര്‍വീസ് ബ്ലോക്ക്, ടൈപ്പ് എ കോട്ടേജ് രണ്ടെണ്ണം, ടൈപ്പ് ബി കോട്ടേജ് 2 എണ്ണം, ഇന്റേണല്‍ റോഡ്സ്, പാര്‍ക്കിങ് ഏരിയ ആന്‍ഡ് ഡ്രൈവേ , ലാന്‍ഡ്‌സ്‌കേപ്പിങ് വര്‍ക്ക്സ് എന്നിവ ഒരുക്കും. പ്ലംബിങ് വര്‍ക്ക്സ്, സാനിറ്ററി ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സാനിറ്ററി ഫിക്സ്ചേഴ്സ്, എല്‍ ടി വര്‍ക്ക്സ്, എച്ച് ടി വര്‍ക്ക്സ്, ഇ എല്‍ വി വര്‍ക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആകെ എസ്റ്റിമേറ്റ് തുക 9,92,47,075 രൂപയാണ്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ പരിധിയിലായിരിക്കും തുക അനുവദിക്കുക. സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ ടി വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാവും പദ്ധതി നടപ്പാക്കുക.
വര്‍ക്കേഷന്‍ പോലുള്ള നൂതന ടൂറിസം ആശയങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കുണ്ടറയുടെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കാനും അനുബന്ധ തൊഴില്‍-സംരംഭക അവസരങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
- Log in to post comments