Skip to main content

വിജ്ഞാനകേരളം' പദ്ധതിയിലൂടെ തൊഴില്‍സാധ്യതകള്‍ വിപുലീകരിച്ച് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്

തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി മികച്ച തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'വിജ്ഞാനകേരളം' പദ്ധതിയുമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. 2025-26 സാമ്പത്തിക വര്‍ഷം തനത് ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
 
പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ രണ്ട് തൊഴില്‍മേളകള്‍ സംഘടിപ്പിച്ചു. 18 മുതല്‍ 50 വയസുവരെയുള്ള തൊഴില്‍ അന്വേഷകരെ ഉള്‍പ്പെടുത്തി നടത്തിയ തൊഴില്‍മേളകളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള 19 കമ്പനികള്‍ പങ്കാളികളായി. രണ്ട് തൊഴില്‍മേളകളിലുമായി ആകെ 93 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. തൊഴില്‍മേളകളിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്ന് ഇന്റേണുകളെയും നിയോഗിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴില്‍ അന്വേഷകരെ ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ നിലവിലെ തൊഴില്‍സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. ഇന്റേണുകളുടെ നേതൃത്വത്തില്‍ നടത്തിയ വിവരശേഖരണത്തിലൂടെ തൊഴിലുള്ളവരെയും തൊഴില്‍രഹിതരെയും തിരിച്ചറിഞ്ഞ് വിശദമായ ഡാറ്റാബേസ് തയ്യാറാക്കി.

അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും തൊഴില്‍ നേടുന്നതിനാവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി ഇന്റര്‍വ്യൂ റെഡിനസ് പ്രോഗ്രാമുകളും പദ്ധതിയുടെ ഭാഗമായി നടത്തി. അതില്‍ 12 പേര്‍ പങ്കെടുത്തു. നടപ്പ് സാമ്പത്തിക വര്‍ഷവും പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി തനത് ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ  വകയിരുത്തിയിട്ടുണ്ട്.

തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനായി തുടര്‍ന്നും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി വ്യക്തമാക്കി.
 

 

date