ഡിജിറ്റല്‍ കാലഘട്ടത്തില്‍ കുട്ടികളുടെ സര്‍ഗാത്മക വേദികള്‍ തിരികെ കൊണ്ടുവരണം: സബ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ ജില്ലാ ശിശുക്ഷേമ സമിതി നഴ്സറി - അങ്കണവാടി കുട്ടികള്‍ക്കായി 'വര്‍ണോത്സവം' സംഘടിപ്പിച്ചു
ഡിജിറ്റല്‍ കാലഘട്ടത്തില്‍ കുട്ടികളുടെ സര്‍ഗാത്മക വേദികള്‍ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ജില്ലാ ശിശുക്ഷേമ സമിതി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വര്‍ണോത്സവം ഇക്കാര്യത്തില്‍ മികച്ച മാതൃകയാണെന്നും സബ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം 'വര്‍ണോത്സവം 2026'ന്റെ ഭാഗമായി നഴ്സറി - അങ്കണവാടി കുട്ടികള്‍ക്കായി സംഘടിപ്പിച്ച കലോത്സവം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സബ് കലക്ടര്‍. ചിത്രരചന, പ്രസംഗം, കഥപറച്ചില്‍, ആംഗ്യപ്പാട്ട്, പ്രച്ഛന്നവേഷം, പ്രശ്നോത്തരി, ചലച്ചിത്ര ഗാനാലാപനം തുടങ്ങി വിവിധ മത്സരങ്ങളിലായി അറുനൂറോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയര്‍പേഴ്സണ്‍ ഷീബ ആന്റണി അധ്യക്ഷയായ ഉദ്ഘാടന ചടങ്ങില്‍ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി ഷൈന്‍ ദേവ്, സംഘാടകസമിതി അംഗങ്ങളായ എന്‍ അജിത് പ്രസാദ്, കറവൂര്‍ എല്‍ വര്‍ഗീസ്, ആര് മനോജ്, പി അനീഷ്, സുവര്ണന് പരവൂര്‍, പി കെ ഷാജി, എസ് എന്‍ കോളേജ് അധ്യാപകരായ ശ്രുതി, അര്‍ച്ചന, ചിത്രകാരന് ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ണോത്സവത്തിന്റെ ഭാഗമായി എല്‍ പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങള്‍ കടപ്പാക്കട ടി കെ ഡി എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. എല്ലാ മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലും മെമന്റോയും നവംബര്‍ 14ന് നടക്കുന്ന ശിശുദിനാഘോഷത്തിന്റെ വേദിയില്‍ വിതരണം ചെയ്യും.
- Log in to post comments