Skip to main content

68-ാമത് സംസ്ഥാന സ്കൂൾ കായികമേള ഹരിതശോഭയിൽ കായികമേള: മാലിന്യ സംസ്കരണത്തിന് വിപുലമായ സംവിധാനം

 

കായിക ആവേശത്തിനൊപ്പം ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകി 68-ാമത് സംസ്ഥാന കായികമേളയിൽ വിപുലമായ ഹരിത പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ. മേളയിലെത്തുന്ന കായികതാരങ്ങൾക്കും വിദ്യാർത്ഥികൾക്കും കാണികൾക്കും ശുചിത്വമുള്ള പരിസരത്ത് കായികമേള ആസ്വദിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പ്രധാന വേദികളിലുൾപ്പെടെ ഹരിതചട്ടം ഉറപ്പാക്കുന്നതിനായി 120 ഗ്രീൻ പ്രോട്ടോക്കോൾ വളണ്ടിയർമാരും 40 ഹരിതകർമ സേനാംഗങ്ങളുമാണ് പ്രവർത്തനസജ്ജമായുള്ളത്. ശുചിത്വ മിഷൻ, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി, കാലിക്കറ്റ് സർവകലാശാല നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഗ്രൗണ്ടിലും പരിസരങ്ങളിലും ആവശ്യത്തിന് മാലിന്യസംഭരണ ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, ഓലകൊണ്ട് നിർമിച്ച കുട്ടകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കി ഉറവിടത്തിൽത്തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മേളയിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പുനരുപയോഗത്തിനായി കൈമാറുകയും അവ ഉപയോഗിച്ച് വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇതിലൂടെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കാനും ലക്ഷ്യമിടുന്നു.

മേളയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ വിദ്യാർത്ഥികൾക്ക് ബിന്നുകൾ കൈമാറി. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ജി.വി പ്രമോദ്, എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ പി.സി. അബ്ദുൾ റഹീം, മുജീബ് കക്കാട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

മലബാർ ഗോൾഡ്, ബിസ്ലേരി ഇന്റർനാഷണൽ, ഗ്രീൻ വേംസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയും പ്രവർത്തനങ്ങൾക്കുണ്ട്. കായികമേളയുടെ ആവേശം ആസ്വദിക്കാം, മാലിന്യമുക്തമായ പരിസരം കാത്തുസൂക്ഷിക്കാം. “വരൂ, ആസ്വദിക്കൂ… ഇവിടം ക്ലീനാണ്!” എന്ന സന്ദേശത്തിലൂടെ ശുചിത്വത്തിന്റെയും ഉത്തരവാദിത്തമുള്ള മാലിന്യപരിപാലനത്തിന്റെയും മാതൃകയാകുകയാണ് സംസ്ഥാന കായികമേള.

date