ആനയാണ് ലഹരി'; പുന്നത്തൂർ കോട്ടയിൽ ഇന്ന് ലഹരിവിരുദ്ധ ക്യാമ്പയിൻ*
തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പും ഗുരുവായൂർ ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ഇന്ന് (ഒക്ടോബർ 26) പുന്നത്തൂർ ആനക്കോട്ടയിൽ നടക്കും. 'നശാ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
'ആനയാണ് ലഹരി; ജീവിതത്തിലെ ഇഷ്ടങ്ങളും താൽപര്യങ്ങളുമാകട്ടെ യഥാർഥ ലഹരി' എന്ന സന്ദേശവുമായി രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിപാടി നടത്തുക.
തൃശൂർ ജില്ലയിലെ നാല് കോളേജുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, ആനപ്പാപ്പാന്മാർ, ഗവേഷകർ, വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പയിനിൽ ആനകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, ആനക്കോട്ട സന്ദർശനം, പ്രമുഖരുമായുള്ള സംവാദം, ലഹരിവിരുദ്ധ ക്വിസ്, എക്സൈസ് വകുപ്പിന്റെ ക്ലാസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആന ചികിത്സകനും ആനവിദഗ്ധ സമിതി അംഗവുമായ ഡോ. വിവേക് വേണുഗോപാൽ, ആന ഗവേഷകൻ മാർഷൽ സി. രാധാകൃഷ്ണൻ, വെറ്ററിനറി ഡോക്ടർ ദിവ്യ, എക്സൈസ് വകുപ്പ് 'വിമുക്തി' ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഷഫീക്ക് യൂസഫ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ എന്നിവർ പങ്കെടുക്കുന്ന പരിപാടി ലഹരിവിരുദ്ധ പ്രതിജ്ഞയോടും ആനയൂട്ടോടും കൂടിയാണ് സമാപിക്കുക.
ശാസ്ത്രീയമായ ആനയറിവുകളിലൂടെയും ബോധവൽക്കരണത്തിലൂടെയും വിദ്യാർഥികളിലും പൊതുജനങ്ങളിലും ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശമെത്തിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ അറിയിച്ചു.
- Log in to post comments