Skip to main content

ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം: ജില്ലയില്‍ 600 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന 'ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ്' പ്രോഗ്രാമില്‍ ജില്ലയില്‍ പരിശീലനം നല്‍കുന്നത് 600 കുട്ടികള്‍ക്ക്. 12 ഉപജില്ലകളിലായി 50 കുട്ടികള്‍ക്ക് വീതമാണ് പ്രത്യേക പരിശീലനം ലഭ്യമാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി ഒരു ഉപജില്ലയ്ക്ക് ഒരാള്‍ എന്ന നിലയില്‍ 12 റിസോഴ്‌സ്‌പേഴ്‌സണ്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷാ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒറ്റപ്പാലം ഉപജില്ലയിലെ ജി.എച്ച്.എസ് അകലൂര്‍, ജി.എസ്.ബി.എസ് പഴയലക്കിടി, ഷൊര്‍ണൂരിലെ ജി.എച്ച്.എസ് വല്ലപ്പുഴ, മണ്ണാര്‍ക്കാട് ജി.യു.പി.എസ് ഭീമനാട്, ചിറ്റൂര്‍ ജി.യു.പി.എസ് എലപ്പുള്ളി, കൊല്ലങ്കോട് ജി.യു.പി.എസ് വട്ടേക്കാട്, ജി.യു.പി.എസ് ചാത്തമംഗലം, പാലക്കാട് ജി.യു.പി.എസ് അകത്തേത്തറ, ജി.യു.പി.എസ് പുത്തൂര്‍, കോങ്ങാട് ജി.യു.പി.എസ് പറളി, കുഴല്‍മന്ദം ജി.ബി.യു.പി.എസ് എത്തനൂര്‍, ജി.യു.പി.എസ് കണ്ണമ്പുള്ളി, പട്ടാമ്പി ജി.യു.പി.എസ് കീഴയൂര്‍, ആലത്തൂര്‍ ജി.യു.പി.എസ് പുതിയങ്കം, ചെര്‍പ്പുളശ്ശേരി ഉപജില്ലയില്‍ ജി.യു.പി.എസ് ചെര്‍പ്പുളശ്ശേരി, തൃത്താല ജി.എച്ച്.എസ് നാഗലശ്ശേരി എന്നീ സ്‌കൂളുകളിലാണ്  പദ്ധതി നടപ്പാക്കുന്നത്.

പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം ഇംഗ്ലീഷ് ഭാഷാ ശേഷി വര്‍ധിപ്പിക്കുന്നതിനായി സ്‌കൂള്‍തല ഇംഗ്ലീഷ് ഫെസ്റ്റുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

date