തുരുത്തിക്കര പാലത്തിന്റെ കൈവരി നിർമ്മാണം പുനരാരംഭിച്ചു
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന പേപ്പതിപാറ റോഡിലെ തുരുത്തിക്കര പാലത്തിന്റെ തകർന്ന കൈവരിയുടെ നിർമ്മാണം വർഷങ്ങൾക്കുശേഷം പുനരാരംഭിച്ചു.
പാലത്തിലെ അപകടസാധ്യത മുൻനിർത്തി കൈവരിയുടെ പുനർ നിർമ്മാണം ഉടനെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, വൈസ് പ്രസിഡന്റ് മഞ്ജു എന്നിവർ തൃപ്പൂണിത്തുറ പി.ഡബ്ല്യു.ഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.
കൈവരി തകർന്നതോടെ നിരവധിയായ അപകടസാധ്യതകൾ മുന്നിൽകണ്ടാണ് യാത്രക്കാർ പാലത്തിലൂടെ സഞ്ചരിച്ചിരുന്നത്. നിർമ്മാണം പുനരാരംഭിച്ചത്തോടെ പാലത്തിലൂടെ ഇനിമുതൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. രണ്ട് ആഴ്ചയ്ക്കുള്ളിൽ കൈവരി നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് നടന്ന വാഹന അപകടമാണ് പാലത്തിന്റെ കൈവരി തകരാൻ ഇടയാക്കിയത്.
കൂടാതെ കൽവർട്ട് പുനർ നിർമ്മിക്കുന്നതിനും പഞ്ചായത്ത് അധികൃതർ കത്ത് നൽകിയിട്ടുണ്ട്. കൺവർട്ട് നിർമ്മാണം ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് പറഞ്ഞു.
- Log in to post comments