ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവംബർ 21 മുതൽ 29 വരെ; സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കേരളോത്സവം 2026'-ന്റെ സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നവംബർ 21 മുതൽ 29 വരെ ഇരിങ്ങാലക്കുട ബ്ലോക്കിലെ വിവിധ വേദികളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാന വിതരണവും കാട്ടൂർ പഞ്ചായത്തിൽ വെച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു.
കേരളോത്സവ നടത്തിപ്പിനായി വിപുലമായ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കരനാരായണനെയും ജനറൽ കൺവീനറായി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ കെ. കെ. നിഖിലിനേയും വർക്കിംഗ് ചെയർപേഴ്സണായി ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത് കുമാറിനേയും തിരഞ്ഞെടുത്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്ത്കുമാർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കെ. നിഖിൽ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീന സുരേന്ദ്രൻ, പി. എസ്. മനു, സരള വിക്രമൻ, ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബി. പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഡി. നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റ് സി. എസ്. സീജ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments