ലഹരിവിരുദ്ധ നേതൃത്വ പരിശീലനവും ടാസ്ക് ഫോഴ്സ് രൂപീകരണവും നടത്തി
മാടക്കത്തറ ഗ്രാമപഞ്ചായത്തും ഡോൺ ബോസ്കോ ഡ്രീം പദ്ധതിയും സംയുക്തമായി ലഹരിവിരുദ്ധ നേതൃത്വ പരിശീലനവും ടാസ്ക് ഫോഴ്സ് രൂപീകരണവും സംഘടിപ്പിച്ചു. മാടക്കത്തറ കെ.കെ. സുരേന്ദ്രൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. ഡ്രീം പദ്ധതി ജില്ലാ ഡയറക്ടർ ഫാ. സിറിൽ എടമന എസ് ഡി ബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകന്യ ബൈജു മുഖ്യാതിഥിയായി. ഡ്രീംപദ്ധതി ജില്ലാ കോർഡിനേറ്റർ അനിഷ പദ്ധതി വിശദീകരണം നടത്തി.
പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വൈ. ഷെഫീഖ് "സമൂഹ്യാധിഷ്ഠിത ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രാദേശിക നേതാക്കളെ ശാക്തീകരിക്കൽ" എന്ന വിഷയത്തിൽ സംസാരിച്ചു.
പദ്ധതിയോടനുബന്ധിച്ച് ജാഗ്രതാ സമിതി രൂപീകരിക്കും. അപകടസാധ്യതയുള്ള കുട്ടികളെ നിരീക്ഷിക്കുകയും സുരക്ഷിതമായി റഫർ ചെയ്യുകയും വർഷത്തിൽ ഒന്നോ രണ്ടോ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന വാർഡ് അല്ലെങ്കിൽ പഞ്ചായത്ത്തലത്തിലുള്ള ചെറിയ ഒരു കമ്മ്യൂണിറ്റി സെല്ലായിരിക്കും ഈ സമിതി. ലഹരി ഉപയോഗത്തിനെതിരായ സമൂഹത്തിന്റെ സ്വന്തം മുൻനിരയായി സമിതി പ്രവർത്തിക്കും.
പ്രദേശത്തെ ഗ്രാമ പഞ്ചായത്തംഗം, പി ടി എ അല്ലെങ്കിൽ സ്കൂൾ പ്രതിനിധി, യുവജന നേതാവ്, മത നേതാവ്, സിവിൽ സൊസൈറ്റി അല്ലെങ്കിൽ എച്ച്ജി അല്ലെങ്കിൽ കുടുംബശ്രീ അംഗം തുടങ്ങിയവർ സമിതിയുടെ ഭാഗമാകും. സാധ്യമെങ്കിൽ പിയർ റോൾ മോഡലായി സുഖം പ്രാപിച്ച ഒരു യുവ വ്യക്തിയെ സമിതിയിൽ ഉൾപ്പെടുത്തും.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാവിത്രി രാമചന്ദ്രൻ, കെ.പി. പ്രശാന്ത്, അശോകൻ ആലുക്കൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ഡ്രീം പദ്ധതി ജില്ലാ കൗൺസിലർ ടി. ട്യൂണി ബേബി സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ പ്രീനു പ്രസാദ് നന്ദിയും പറഞ്ഞു.
- Log in to post comments