കുട്ടികളിലെ പോഷകാഹാരക്കുറവ്: സത്വരപരിഹാര നടപടികൾ സ്വീകരിക്കും
ജില്ലയിലെ കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങളുടെ നിരന്തര ഏകോപനവും സംയോജിത പ്രവർത്തനവും സാധ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. കുട്ടികൾക്ക് പോഷകാഹരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ, ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏകീകരിക്കും. കുടുംബശ്രീ പ്രവത്തകർ, ആശാ വർക്കർമാർ, മറ്റു ഏജൻസികളുടെ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുവീടാന്തര നിരീക്ഷണം ശക്തമാക്കണം; അപകടകരമായ സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ ചികിൽസാധിഷ്ഠിതമായി വിലയിരുത്തുകയും ഡോക്ടർമാർ, നുട്രീഷനിസ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കുകയും വേണം. ആവശ്യമെങ്കിൽ കുട്ടികളെ സർക്കാരിന്റെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാൻ പോലീസ് സഹായം ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. ഐ സി ഡി എസ് ജില്ലാ പ്രൊജക്റ്റ് ഡയറക്ടർ ജെ മായാലക്ഷ്മി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവ് മൂലം രണ്ടുവയസുകാരനായ കുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗം മരിച്ച കുട്ടി പോയിരുന്ന കാർത്തികപ്പള്ളി (40 -ആം നമ്പർ) ഹരിപ്പാട് (44-ആം നമ്പർ) എന്നിവിടങ്ങളിലെ അങ്കണവാടികൾ സന്ദർശിച്ചു. രജിസ്റ്ററുകൾ പരിശോധിച്ചു. സന്ദർശനവേളയിൽ വിവിധ ഉദ്യോഗസ്ഥർ ഭക്ഷ്യ കമ്മീഷൻ അംഗത്തെ അനുഗമിച്ചു.
- Log in to post comments