Skip to main content

പാലിയേറ്റീവ് പരിചരണം: സന്നദ്ധ പ്രവർത്തകർക്ക് ത്രിദിന പരിശീലനം

​വടക്കേക്കര ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കായി മുത്തകുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ത്രിദിന പരിശീലന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു.

​പാലിയേറ്റീവ് പരിചരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രോഗികൾക്ക് വീടുകളിൽ മെച്ചപ്പെട്ട പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനും സന്നദ്ധ പ്രവർത്തകരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികളുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ച് അവരുടെ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

​പ്രായമായവരിലും ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ച് ആവശ്യമായ പരിചരണം ഉറപ്പാക്കണം. പരിശീലനത്തിലൂടെ ലഭിക്കുന്ന അറിവുകൾ പ്രായോഗികമായി ഉപയോഗപ്പെടുത്തി വീടുകൾ സന്ദർശിക്കാനും രോഗികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനും സന്നദ്ധ പ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ സനൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ഗിരീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു മനോജ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ നീബ, മെഡിക്കൽ ഓഫീസർ ഡോ. മായ, ഹെൽത്ത് ഇൻസ്പെക്ടർ പി.എ. അനീഷ്, പാലിയേറ്റീവ് നഴ്‌സ് കെ.ആർ. ലിജിമോൾ, ഫിസിയോതെറാപ്പിസ്റ്റ് അനുശ്രീ, സിമി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

date