മിഴിവ്: ശ്രദ്ധയുടെ ആഘോഷം' പരിപാടി സംഘടിപ്പിച്ചു
എ ഡി എച്ച് ഡി (അറ്റെൻഷൻ ഡെഫിസിറ്റ്/ഹൈപ്പർ ആക്റ്റിവിറ്റി ഡിസോഡർ) മാസാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ 'മിഴിവ്: ശ്രദ്ധയുടെ ഉത്സവം' പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഷാജി വി നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിലെ തുടർപരിചരണത്തിലുള്ള കുട്ടികളുടെ കലാപരിപാടികൾ, മത്സരങ്ങൾ, അമ്മമാരുടെ കലാപരിപാടികൾ, രക്ഷിതാക്കളുടെ പോസിറ്റീവ് സ്പീക്കിംഗ് സെഷൻ, മാതാപിതാക്കൾക്കായി അവബോധ ക്ലാസ് എന്നിവയും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി വി വിദ്യ ആരോഗ്യ സന്ദേശം നൽകി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എസ് ലൈജു, ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ അനൂപ്, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ലക്ഷ്മി കൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ ഡോ. ഐ ചിത്ര, ജില്ലാ ലാബ് ഓഫീസർ എസ് ജയ, പ്രാരംഭ ഇടപെടൽ കേന്ദ്രം മാനേജർ പി എം മഞ്ജു ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ജനനം മുതൽ 18 വയസ്സ് വരെ കുട്ടികളുടെ സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ആർ ബി എസ് കെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഡി ഈ ഐ സി പ്രവർത്തിക്കുന്നത്. കുട്ടികളുടെ മാനസിക ശാരീരിക വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സയിലൂടെയും തുടർച്ചയായ പരിചരണത്തിലൂടെയും തീവ്രത കുറയ്ക്കുന്നതിനും നിലവിലെ ശേഷികളെ മെച്ചപ്പെടുത്തുന്നതിനും വിവിധ പരിചരണ സംവിധാനങ്ങൾ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ ഉണ്ട്. ജന്മനാ ഉള്ള ശാരീരിക വൈകല്യങ്ങൾ, പെരുമാറ്റത്തിലെ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, ചലന വൈകല്യങ്ങൾ, സംസാര ഉച്ചാരണ വൈകല്യങ്ങൾ, കാഴ്ച വൈകല്യങ്ങൾ, ദന്തക്ഷയം തുടങ്ങി കുട്ടികളിൽ കണ്ടുവരുന്ന 30 ഓളം അസുഖങ്ങൾക്ക് കേന്ദ്രത്തിൽ ചികിത്സാ സൗകര്യമുണ്ട്. പീഡിയാട്രീഷൻ, ഡെന്റൽ സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് തുടങ്ങി വിവിധ തെറാപ്പിസ്റ്റുകളുടെ സേവനവും കേന്ദ്രത്തിൽ നിന്ന് ലഭിക്കും.
- Log in to post comments