Skip to main content

പുതിയ പ്രതീക്ഷയിൽ തുറക്കുളം മാർക്കറ്റ്  തുറക്കുളം മാർക്കറ്റ് പുനരുദ്ധാരണം; നഗരസഭയും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

 

നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക്. പദ്ധതിയുടെ തുടർ നടപടികൾക്കും പുതുക്കിയ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിനുമായി കുന്നംകുളം നഗരസഭയും തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജും തമ്മിൽ ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പദ്ധതിയുടെ ഓരോ ഘട്ടവും കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

 

മുമ്പ് ബി.ഒ.ടി വ്യവസ്ഥയിൽ നിർമ്മാണം ആരംഭിച്ച തുറക്കുളം മാർക്കറ്റിന്റെ പണികൾ ചില കോടതി വ്യവഹാരങ്ങളെത്തുടർന്ന് പാതിവഴിയിൽ നിലച്ചുപോവുകയായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് നഗരസഭയ്ക്ക് കൃത്യമായ നിയമോപദേശം ലഭിച്ചതോടെയാണ് പദ്ധതി വീണ്ടും തുടങ്ങിയത്. ഇതിന്റെ തുടർച്ചയായി തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധ സംഘം നേരത്തെ സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.

 

പൂർണ്ണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് മാർക്കറ്റിന്റെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവരെ പൂർത്തിയായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ ഫ്ലോറിംഗ്, ഇലക്ട്രിക്കൽ-പ്ലംബിങ് വർക്കുകൾ, സെൻട്രലൈസ്ഡ് എ.സി, വിശാലമായ പാർക്കിംഗ് സൗകര്യം, ഡ്രൈനേജ്, സെൻട്രലൈസ്ഡ് മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്.ടി.പി), സോളാർ സംവിധാനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ഡി.പി.ആർ തയ്യാറാക്കുന്നത്.

പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും, പ്രസ്തുത തുക കൃത്യമായി തിരിച്ചടയ്ക്കാനുള്ള നഗരസഭയുടെ ശേഷി കണക്കാക്കുന്നതുമായ കുറ്റമറ്റ രീതിയിലാണ് ഡി.പി.ആർ രൂപകൽപ്പന ചെയ്യുന്നത്. 

 

കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്സൺ പി.ജി. ജയപ്രകാശ്, തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.എ. ജാസ്മിൻ, ആർക്കിടെക്ച്ചർ വിഭാഗം പ്രൊഫസർ സി.എ ബിജു, മുൻസിപ്പൽ സെക്രട്ടറി കെ.കെ. മനോജ്, മുൻസിപ്പൽ എഞ്ചിനീയർ ബിനയ് ബോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

 

date