Skip to main content

വീൽചെയറിൽ മെഡൽ തിളക്കം: ആൽഫിയ ജയിംസിനെ അനുമോദിച്ച് മന്ത്രി അനൂപ് ജേക്കബ് 

ജപ്പാനിലെ നഗോയയിൽ നടന്ന ഏഷ്യൻ പാരാഗെയിംസിൽ വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ  അഭിമാന വിജയം  നേടിയ പാമ്പാക്കുട സ്വദേശി ആൽഫിയ ജെയിംസിനെ അഭിനന്ദിച്ച് മന്ത്രി അനൂപ് ജേക്കബ്. നിയമസഭാ സമുച്ചയത്തിലുള്ള മന്ത്രിയുടെ  ചേംബറിലായിരുന്നു കൂടിക്കാഴ്ച. തനിക്കു ലഭിച്ച വെങ്കല മെഡൽ ആൽഫിയ മന്ത്രിയെ കാണിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഒ.ജെ. ജനീഷ് എന്നിവരുമായും ആൽഫിയ കൂടിക്കാഴ്ച നടത്തി. ജപ്പാനിൽ നിന്ന് ബുധനാഴ്ചയാണു  ആൽഫിയ നാട്ടിൽ തിരിച്ചെത്തിയത്. പ്ലസ്‌ വൺ പഠനകാലത്ത്, ബാസ്കറ്റ്ബാളിൽ തിളങ്ങിനിൽക്കെ,  തൊടുപുഴ മുട്ടം സാന്തോൾ സ്കൂളിന്റെ ടെറസിൽനിന്ന് വീണ് നട്ടെല്ലിനു ക്ഷതമേറ്റാണ്  ആൽഫിയയുടെ ജീവിതം വീൽചെയറിലായത്. ബംഗളൂരുവിൽ നഴ്സായിരുന്ന അമ്മ വിജി ജോലി രാജിവച്ച് മകൾക്കു കരുത്തായി കൂടെനിന്നു. പിതാവ് ജെയിംസ് നേരത്തേ മരണമടഞ്ഞിരുന്നു. ആൽഫിയയുടെ മികവു തിരിച്ചറിഞ്ഞ പ്രമുഖ വ്യവസായ ഗ്രൂപ്പ് ദുബായിലെ അവരുടെ ഓഫീസിൽ അക്കൗണ്ടന്റ് ആയി ജോലി നൽകി. കാനഡയിൽ  വിദ്യാർഥിയായ ആൽഫിനാണ് സഹോദരൻ.

date