Skip to main content

മെഗാ ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

 

 

ക്യാൻസർ രോഗസാധ്യതകൾ നേരത്തേ കണ്ടെത്തി സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ക്യാൻസർ നിർണയ ക്യാമ്പും മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പും സംഘടിപ്പിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അനിൽ അധ്യക്ഷത വഹിച്ചു. 

 

ക്യാമ്പിൽ 660 പേർ ഗൈനക്കോളജി, സർജറി, നേത്രരോഗം, ത്വക്ക് രോഗം, ഇ.എൻ.ടി., ശിശുരോഗം, ദന്തചികിത്സ തുടങ്ങിയ വിഭാഗങ്ങളിലായി പരിശോധനയ്ക്ക് വിധേയരായി. വിദഗ്ധ പരിശോധന ഉറപ്പാക്കുന്നതിനായി തുടർപരിശോധനകളായ മാമോഗ്രാം, അർട്രാസൗണ്ട് സ്കാനിംഗ്, ഗർഭാശയഗള ക്യാൻസർ കണ്ടുപിടിക്കുന്നതിനുള്ള പാപ്സ്മിയർ ടെസ്റ്റ് എന്നിവ ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് സൗജന്യമായി നടത്തി. രോഗങ്ങൾ കണ്ടുപിടിച്ച് തുടർ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

 

പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സത്യൻ, തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. സുജാത, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.കെ. ഗൗതമൻ എന്നിവർ സംസാരിച്ചു. 

 

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർ തുടങ്ങിയവരും ക്യാമ്പിൽ പങ്കെടുത്തു.

 

date