വിഴിഞ്ഞം തുറമുഖം: സാമൂഹിക ആഘാത പഠനത്തിന് ഏജൻസികളെ ക്ഷണിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം നടത്തുന്നതിന് യോഗ്യരായ ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
തുറമുഖ വികസനത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള തൊഴിൽ-ഉപജീവന നഷ്ടങ്ങൾ വിലയിരുത്തുക; മത്സ്യത്തൊഴിലാളികൾ, ടൂറിസം മേഖലയിലെ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, മറ്റ് ഉപജീവനമാർഗങ്ങളെ ആശ്രയിക്കുന്നവർ തുടങ്ങിയ ബാധിക്കപ്പെടുന്ന വിഭാഗങ്ങളെ കണ്ടെത്തി പ്രശ്നങ്ങൾ മനസിലാക്കുക തുടങ്ങിയവയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
വിഴിഞ്ഞം തുറമുഖം, അടിമലത്തുറ, ജൂബിലി നഗർ, പുളിങ്കുടി, അമ്പലത്തുമൂല തുടങ്ങിയ പ്രദേശങ്ങളിലാണ് പഠനം നടത്താൻ ഉദ്ദേശിക്കുന്നത്. നവംബർ 13നകം താൽപര്യപത്രം സബ് കളക്ടർ & ചെയർപേഴ്സൺ, റീഹാബിലിറ്റേഷൻ ഇംപ്ലിമെന്റേഷൻ കമ്മിറ്റി (RIC), സബ് കളക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന് പി ഒ തിരുവനന്തപുരം,695043 എന്ന വിലാസത്തിലോ rdotvm@gmail.com എന്ന മെയിൽ ഐഡിയിലോ അയയ്ക്കണം.
തിരുവനന്തപുരം ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സാമൂഹിക ആഘാത പഠനം നടത്താൻ എംപാനൽ ചെയ്ത ഏജൻസികൾക്കാണ് അപേക്ഷിക്കാനാവുക. ഇന്ത്യയിൽ നിയമപരമായി രജിസ്റ്റർ ചെയ്ത സ്ഥാപനമായിരിക്കണം. കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തനപരിചയവും പാൻ, ജിഎസ്ടി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. സാമൂഹിക ആഘാത പഠനം, അടിസ്ഥാന സൗകര്യ പദ്ധതികൾ, തീരദേശ ഉപജീവനമേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയം, സർവേ-ഡാറ്റാ ശേഖരണശേഷി, ഡിജിറ്റൽ ഡാറ്റാ മാനേജ്മെന്റ്, ജിഐഎസ് വിശകലനം, മലയാളത്തിൽ ഫീൽഡ് സർവേ നടത്താനുള്ള ശേഷി എന്നിവയും പരിഗണിക്കും. സർക്കാരിന്റെ വിലക്ക് നേരിടുകയോ കരിമ്പട്ടികയിൽ ഉൾപെട്ടിട്ടുള്ളതോ അല്ലാത്ത സ്ഥാപനങ്ങളായിരിക്കണം അപേക്ഷകർ. വിശദമായ വിവരങ്ങളും ടേംസ് ഓഫ് റെഫറൻസും (TOR) https://trivandrum.nic.in/en/ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾ ഉണ്ടെങ്കിൽ 7902929315 എന്ന നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments