Skip to main content

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണം: കണ്ണൂര്‍ ജില്ലാതല യോഗങ്ങള്‍ ഒക്ടോബർ 31ന്

 

സംസ്ഥാനത്ത് പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-32) രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള കണ്ണൂര്‍ ജില്ലാതല വികസന യോഗങ്ങള്‍ ഒക്ടോബര്‍ 31 ശനിയാഴ്ച രണ്ടു സെഷനുകളിലായി നടക്കും. രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദ്യ സെഷന്‍ വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. അഡ്വ. ടി ഒ മോഹനന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തും. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്.

ജില്ലയുടെ പ്രധാന വികസന മുന്‍ഗണനകളും കാഴ്ചപ്പാടുകളും രൂപീകരിക്കുന്നതിനായി ചേരുന്ന വിപുലമായ ഈ യോഗത്തില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലയുടെ വികസന സാധ്യതകള്‍, നിലവിലുള്ള പരിമിതികള്‍, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകള്‍, ദീര്‍ഘകാല വികസന മുന്‍ഗണനകള്‍ എന്നിവ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നിലവില്‍ നടപ്പാക്കുന്ന പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ ക്രോഡീകരിക്കും. 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ചു മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് രണ്ടാമത്തെ സെഷന്‍ നടക്കുക. വിവിധ അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍, മികച്ച സംരംഭകര്‍, ആസൂത്രണവും വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് രണ്ടാമത്തെ സെഷനില്‍ പങ്കെടുക്കുക. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ കൂടി ക്രോഡീകരിച്ചാണ് പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരിക്കുക.
 

date