വിജയകുമാര്‍ മേനോന് അനുസ്മരണവും പുരസ്കാരസമര്‍പ്പണവും നവംബര്‍ ഒന്നിന്
കേരള ലളിതകലാ അക്കാദമിയും വിജയകുമാര്‍ മേനോന് സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിജയകുമാര്‍ മേനോന് അനുസ്മരണവും പുരസ്കാര സമര്‍പ്പണവും 2026
നവംബര്‍ ഒന്നിന് വൈകുന്നേരം നാല് മണിക്ക് തൃശ്ശൂരിലെ കേരള ലളിതകലാ അക്കാദമി മുഖ്യ കാര്യാലയത്തില്‍ നടക്കും. തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന് പുരസ്കാര സമര്‍പ്പണം നടത്തും. കേരള ലളിതകലാ അക്കാദമി ചെയര്മാന് പ്രൊഫ. എസ്. പ്രകാശ് മൂര്‍ത്തി അധ്യക്ഷത വഹിക്കും. കലാരംഗത്തെ സമഗ്ര സംഭാവനക്ക് പ്രൊഫ. കാട്ടൂര്‍ നാരായണപിള്ളയും, കലയെഴുത്തിനുള്ള പുരസ്കാരം പ്രശസ്ത സാഹിത്യകാരന് പി. സുരേന്ദ്രനും ഏറ്റുവാങ്ങും. 25,000/- രൂപയും, പ്രശസ്തി പത്രവും, ശില്പി സുഭാഷ് വിശ്വനാഥന് ഡിസൈന്‍ ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. വിജയകുമാര്‍ മേനോന് സ്മാരക സമിതി നല്കുന്ന കലാചരിത്ര ഗവേഷണത്തിനുള്ള ജൂനിയര്‍ ഫെല്ലോഷിപ്പ് ഡോ. അഭിജിത് എസ്. പിള്ളയ്ക്കും വിമന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ്സ് കളക്റ്റീവ് ഏര്‍പ്പെടുത്തിയ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ജാസില ലുലു പി.പി.ക്കും സമ്മാനിക്കും.
ചടങ്ങില്‍ അക്കാദമി സെക്രട്ടറി വൈക്കം എം. കെ. ഷിബു, വിജയകുമാര്‍ മേനോന് സ്മാരക സമിതി ചെയര്‍പേഴ്സണ്‍ ലതാദേവി എന്‍.ബി, അക്കാദമി വൈസ് ചെയര്മാന് ടി.ആര്. ഉദയകുമാര്‍, സ്മാരക സമിതി ട്രഷറര്‍ നിര്‍മ്മല്‍ ഖാന്, കലാചരിത്ര അധ്യാപിക ഡോ. കവിത ബാലകൃഷ്ണന്, സ്മാരക സമിതി സെക്രട്ടറി ലക്ഷ്മി മേനോന് എന്നിവര്‍ പ്രസംഗിക്കും. രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പാള്‍ പ്രൊഫ. മനോജ് വൈലൂര്‍ 'ശിഖരം' ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കലാചരിത്ര അധ്യാപകന് പ്രൊഫ. സി. എസ്. ജയറാം വിജയകുമാര്‍ മേനോന് അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണത്തിന്റെ ഭാഗമായുള്ള കലാപ്രദര്‍ശനം നവംബര്‍ 7ന് സമാപിക്കും.
കേരള ലളിതകലാ അക്കാദമി ചെയര്മാന് പ്രൊഫ. എസ്. പ്രകാശ് മൂര്‍ത്തി, തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഷിജോ ജേക്കബ്, വിജയകുമാര്‍ മേനോന് സ്മാരക സമിതി പ്രസിഡന്റ് ലതാദേവി എന്‍.ബി, അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
- Log in to post comments