Skip to main content

*വിവരാവകാശ നിയമങ്ങളിലെ സംശയങ്ങള്‍ ചോദിച്ചറിഞ്ഞ് ഉന്നതി നിവാസികള്‍*

സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖേന ലഭിക്കേണ്ട വിവരങ്ങള്‍, സേവനങ്ങള്‍ നിയമപരമായി നേടിയെടുക്കാമെന്ന ഉന്നതി നിവാസികള്‍ സംശയങ്ങള്‍ ദൂരികരിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സെമിനാര്‍.  ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ പൂതാടി അങ്ങാടിശ്ശേരി ഉന്നതിയില്‍ സംഘടിപ്പിച്ച വിവരാവകാശ ബോധവത്കരണ ക്ലാസ് ജനപങ്കാളിത്തതാല്‍ ശ്രദ്ധേയമായി.  വിവരാവകാശ അപേക്ഷകള്‍ നിയമാനുസൃതമായും കൃത്യമായും തയ്യാറാക്കാം, നിശ്ചിത സമയത്തിനകം മറുപടി ലഭിക്കാത്ത അപേക്ഷകളില്‍  നിയമ നടപടികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍ ചെലവഴിക്കുന്ന തുക പൊതുജനങ്ങള്‍ക്ക് എങ്ങനെ പരിശോധിച്ച് ഉറപ്പുവരുത്താം എന്നീ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. 

ട്രൈബല്‍ പ്രമോട്ടര്‍മാരുടെ നിയമന സുതാര്യത, ഭവന നിര്‍മാണ പദ്ധതികളില്‍ കരാറുകാരുടെ വീഴ്ചകള്‍ക്ക് പരിഹാരം, തൊഴിലുറപ്പ് പദ്ധതി വേതനം വൈകല്‍, തുക ലഭിക്കുന്നതിലെ കാലതാമസം നീക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഉന്നതി നിവാസികളുടെ സംശയങങ്ങള്‍ കമ്മീഷനോട് ചോദിച്ചറിഞ്ഞു. നിശ്ചിത നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ട്രൈബല്‍ പ്രമോട്ടര്‍മാരുടെ നിയമനങ്ങള്‍ നടത്താന്‍ സാധിക്കൂ എന്നും കമ്മീഷന്‍ മറുപടി നല്‍കി. തൊഴിലുറപ്പ് വേതനം വൈകുന്നതിലും തുക ലഭിക്കുന്നതിലുമുള്ള സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട പഞ്ചായത്ത്/ തൊഴിലുറപ്പ് ഓഫീസുകളില്‍ നിന്ന് വിവരാവകാശ അപേക്ഷ നല്‍കി കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാമെന്ന് കമ്മീഷന്‍ സെമിനാറില്‍ വ്യക്തമാക്കി. ഭവന നിര്‍മാണത്തിനുള്ള ധനസഹായം, നിര്‍മാണ പുരോഗതി, കരാറുകാരുടെ വീഴ്ചകള്‍ തുടങ്ങിയവ സംബന്ധിച്ച് അതത് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെടാമെന്നും അതിലൂടെ പരാതികള്‍ക്ക് നിയമപരമായ പരിഹാരം കാണാമെന്നും വിവരാവകാശ കമ്മീഷന്‍ മുന്‍ ലീഗല്‍ എക്‌സ്പര്‍ട്ട് കെ. പ്രസാദ് വ്യക്തമാക്കി.

അങ്ങാടിശ്ശേരി, തെങ്ങുമൂട്, വിജയന്‍കുന്ന്  ഉന്നതികളിലെ നിവാസികള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ മുഖ്യ വിവരാവകാശ കമ്മീഷനര്‍ വി. ഹരിനായര്‍ ഉദ്ഘാടനം ചെയ്തു. വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. എം ശ്രീകുമാര്‍, ഡോ. സോണിച്ചന്‍ പി. ജോസഫ്, അഡ്വ. ടി.കെ. രാമകൃഷ്ണന്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ ഷുമിന്‍ എസ്.ബാബു, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ടി. പി ശൈല, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശോഭന ദേവി, വാര്‍ഡ് പ്രതിനിധികളായ സുമ രാജു, നിഷിത സുരേന്ദ്രന്‍, എം.പി. സുലൈഖ, പി. ബിനിത വിജയന്‍, ബോളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date