ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
*ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്
*ഐഎഫ്എഫ്കെ സ്വാഗതസംഘം രൂപീകരിച്ചു
എല്ലാവർക്കും ഏറ്റവും സൗകര്യമായി സിനിമ കാണാൻ കഴിയുന്ന മേളയാകും 31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സിനിമാ, സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ഇത്തവണത്തെ മേളയിൽ രാവിലെ ഏഴ് മണിക്ക് ആദ്യ ഷോ ഒരുക്കും. രാത്രി വൈകിയും പ്രദർശനങ്ങൾ ഒരുക്കി തിരക്ക് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. ദീർഘനേരം കാത്തുനിന്നിട്ട് സിനിമ കാണാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കും. 31 ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉള്ളടക്കം കൊണ്ടും സംഘാടനം കൊണ്ടും ജനകീയത കൊണ്ടും വ്യത്യസ്തമാണ് എന്നും ഐഎഫ്എഫ്കെ. ചലച്ചിത്ര പ്രവർത്തകർക്കൊപ്പം സാധാരണക്കാരായ സിനിമാ ആസ്വാദകരും എത്തുന്നു എന്നതാണ് മേളയുടെ പ്രത്യേകത. മേളയുടെ ഈ ജനകീയത നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മേളയിലെത്തുന്ന വിദേശികളെ സംസ്ഥാന ടൂറിസം വകുപ്പ് മുൻകൈ എടുത്ത് കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കൊണ്ടുപോകാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മാനവീയം വീഥിയിലെ സാംസ്കാരിക പരിപാടികൾക്കൊപ്പം കനകക്കുന്നിൽ ആറ് ദിവസങ്ങളിൽ അനുഷ്ഠാനകലകളുടെ അവതരണം ഉണ്ടാകും. സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പും ചേർന്നാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പിൻറെ കീഴിലുള്ള എല്ലാ അക്കാദമികളും ഇത്തവണ മേളയുമായി സഹകരിച്ച് പരിപാടികൾ ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ എൻ ശക്തൻ, എം വിൻസെന്റ്, വി മുരളീധരൻ, സുധീർഷാ പാലോട്, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ എം രഞ്ജിത്ത്, ലളിതാ കലാ അക്കാദമി ചെയർമാൻ പ്രകാശ് മൂർത്തി എന്നിവരെ കൂടാതെ വിവിധ ജനപ്രതിനിധികളും ചലച്ചിത്ര പ്രവർത്തകരും അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചലച്ചിത്ര സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
പി.എൻ.എക്സ്. 4596/2026
- Log in to post comments