Skip to main content

ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും സ്വന്തമായി സുരക്ഷിതവും വാസയോഗ്യവുമായ ഭവനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തനത് ഭവന പദ്ധതിയിലേക്ക് അർഹരായ ഭവനരഹിത കുടുംബങ്ങളിൽ നിന്നും പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയായിരിക്കണം. പട്ടികജാതി ഭവനപദ്ധതിയിൽ ഗ്രാമപരിധിയിൽ കുറഞ്ഞത് രണ്ട് സെന്റും നഗരപരിധിയിൽ കുറഞ്ഞത് ഒന്നര സെന്റും ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. നിർമിക്കുന്ന ഭവനത്തിന് 500 ചതുരശ്ര അടി വിസ്തീർണമുണ്ടായിരിക്കണം. അപേക്ഷകർ 70 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം.

വിധവകൾ കുടുംബനാഥയായുള്ള കുടുംബങ്ങൾക്കും മാരക രോഗം ബാധിച്ച കുടുംബാംഗങ്ങളുളളവർക്കും മുൻഗണന നൽകും. പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗങ്ങൾക്കും മുന്തിയ പരിഗണന ഉണ്ടാകും. 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. 50,000 രൂപ വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകും.  പട്ടികവർഗ ഭവനപദ്ധതിയിൽ ഒരു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കും രണ്ടിലധികം വിദ്യാർഥികളുള്ള കുടുംബത്തിന് മുൻഗണന നൽകും. നവംബർ 16 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2315375, cposcdd@gmail.com.

പി.എൻ.എക്‌സ്. 4595/2026

date