അഗ്നിസുരക്ഷാ മുന്നൊരുക്കങ്ങളുമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ മോക്ഡ്രിൽ നടത്തി
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (DDMA), ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ഫയർ മോക്ഡ്രിൽ സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശീലനം നടത്തിയത്.
അഞ്ചു നിലകളിലായി പ്രവർത്തിക്കുന്ന കലക്ടറേറ്റ് സമുച്ചയത്തിൽ തീപ്പിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ, കെട്ടിടത്തിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനം, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ വിലയിരുത്തുന്നതിനാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
പരിശീലനത്തിന്റെ ഭാഗമായി ജില്ലാ കലക്ടർ ജി. പ്രിയങ്ക ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുന്ന രീതി നേരിട്ട് പ്രദർശിപ്പിച്ചു. തീപ്പിടിത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഫയർ എക്സ്റ്റിംഗ്വിഷർ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക സുരക്ഷാ നടപടികൾ എന്തൊക്കെയാണെന്നും ഇതിലൂടെ പരിചയപ്പെടുത്തി.
തീപ്പിടിത്തം രൂക്ഷമായാൽ മനുഷ്യർക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ റോബോട്ടിന്റെ സഹായത്തോടെ തീ അണയ്ക്കുന്ന രീതിയും പ്രദർശിപ്പിച്ചു. അപകടസാധ്യത കൂടുതലുള്ള ഇടങ്ങളിൽ മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനം നടത്താൻ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഇതിലൂടെ കാണിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർക്കൊപ്പം സിവിൽ ഡിഫൻസ് വോളന്റിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കെട്ടിടത്തിന്റെ മുകൾ നിലകളിൽനിന്നുള്ള റോപ്പ് റെസ്ക്യൂ, സ്ട്രെച്ചർ റെസ്ക്യൂ, എമർജൻസി മെഡിക്കൽ ട്രയാജ്, പ്രഥമശുശ്രൂഷ എന്നിവയുൾപ്പെടെയുള്ള രക്ഷാപ്രവർത്തന രീതികളും പരിശീലനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ഡി.ഡി.എം.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ജോസഫ് സ്റ്റീഫൻ റോബി, ജില്ലാ ഫയർ ഓഫീസർ എ എസ് ജോജി, ഡോ. സജിത്ത് ചന്ദ്രൻ (ജനറൽ ഹോസ്പിറ്റലിൽ ആലുവ ) നേതൃത്വം നൽകിയ മെഡിക്കൽ ടീം ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
- Log in to post comments