മലയാള ഭാഷയുടെ മാധുര്യവും മഹത്വവും വിളിച്ചോതി മലയാള ദിനാഘോഷം നവംബർ രണ്ടിന്
മലയാള ഭാഷയുടെ മഹത്വവും സാംസ്കാരിക പൈതൃകവും വിളിച്ചോതി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം സംഘടിപ്പിക്കും. നവംബർ രണ്ടിന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് അധ്യക്ഷത വഹിക്കും.
പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപി മുഖ്യാതിഥിയായി പങ്കെടുത്ത് ഭരണഭാഷാ സന്ദേശം നൽകും. പ്രശസ്ത ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പ് വിശിഷ്ടാതിഥിയാകും.
ചടങ്ങിൽ പി കെ ഗോപി രചിച്ച് ടി പി വിവേക് ഈണം പകർന്ന് ടി പി വിവേകും, രേഖ ശൈലേഷും ആലപിച്ച 'ഇളനീർമധുരം മലയാളം' എന്ന ഗാനത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ നിർവഹിക്കും. ഗാനത്തിന്റെ നൃത്താവിഷ്കാരം ഡോ. മീന കുറുപ്പിന്റെ നേതൃത്വത്തിൽ അരങ്ങേറും. കൊച്ചി ആകാശവാണി അവതാരകനും സംഗീതകാരനുമായ ടി പി വിവേകിൻ്റെ 'കാവ്യഗീതിക' എന്ന കവിതകളുടെ സംഗീതാവിഷ്കാരവും കളക്ടറേറ്റ് സീനിയർ ക്ലർക്കും സോപാനഗായികയുമായ കാവ്യ എസ് മേനോൻ സോപാന സംഗീതവും അവതരിപ്പിക്കും.
ജില്ലയിലെ അസിസ്റ്റന്റ് കളക്ടർമാരെ മലയാളം പഠിപ്പിച്ച കളക്ടറേറ്റ് ജീവനക്കാരൻ പി വി സുനിൽ കുമാറിനെ ചടങ്ങിൽ പി കെ ഗോപി ഉപഹാരം നൽകി ആദരിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ എ ടി രമ്യ എന്നിവർ ആശംസകൾ നേരും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ് നന്ദിയും പറയും
- Log in to post comments