Skip to main content

റോഡുകളുടെ വശങ്ങളില്‍ മുറിച്ചിട്ട മരങ്ങള്‍ എത്രയും വേഗം നീക്കണം; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കണം:  ജില്ലാ വികസനസമിതി ടൂറിസം, സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ് പങ്കെടുത്തു

റോഡുകളുടെ വശങ്ങളില്‍ മുറിച്ചിട്ട മരങ്ങള്‍ എത്രയും വേഗം നീക്കണമെന്നും ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും ജില്ലാ വികസന സമിതി. ടൂറിസം, സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എമാരായ ഉല്ലാസ് കോവൂര്‍, എ എം നസീര്‍ എന്നിവരും ജില്ലയിലെ എംഎല്‍എമാരുടെയും എംപിമാരുടെയും പ്രതിനിധികളും പങ്കെടുത്തു.
പി ഡബ്ല്യു ഡി റോഡുകള്‍ക്ക് സമീപം മുറിച്ചിട്ട മരങ്ങള്‍ പലയിടത്തും ഗതാഗത തടസ്സം ഉണ്ടാക്കുന്നുവെന്ന ജില്ലയിലെ  ജനപ്രതിനിധികളുടെ പരാതികളെ തുടര്‍ന്നാണ് തീരുമാനം. ഓപ്പറേഷന്‍ തെളിമയുടെ ഭാഗമായി ഭക്ഷ്യവില്പന ശാലകളില്‍ നടത്തിയത് പോലുള്ള പരിശോധനകള്‍ ജില്ലയില്‍ ശക്തമാക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കുണ്ടറ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ നിര്‍മാണത്തിന് കണ്ടെത്തിയ പുതിയ സ്ഥലത്ത് ഉടന്‍ സൈറ്റ് വിസിറ്റ് നടത്താന്‍ മന്ത്രി പി സി വിഷ്ണുനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണനല്ലൂര്‍ ജങ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടക്കുന്നത് മൂലമുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, കെ ആര്‍ എഫ് ബി എന്നിവ സംയുക്ത പരിശോധന നടത്തണം. ഈ റോഡിലെ കുഴികള്‍ അടിയന്തരമായി അടക്കാന്‍ കെ ആര്‍ എഫ് ബിക്കും മന്ത്രി നിര്‍ദേശം നല്‍കി. തൃക്കോവില്‍വട്ടം, കൊറ്റങ്കര പഞ്ചായത്തുകളില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് ഇനിയും വൈകുകയാണെങ്കില്‍ ഏജന്‍സിയെ മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കന്നേറ്റിമുക്ക് ശക്തികുളങ്ങര ദേശീയപാതയുടെ നിര്‍മാണം വൈകുന്നത് സംബന്ധിച്ച വനം, വന്യജീവി മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധിയുടെ പരാതിയില്‍ നിര്‍മാണപ്രവൃത്തി വേഗത്തിലാക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയതായി ദേശീയപാത അതോറോറ്റി പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ചവറ അഗ്‌നിരക്ഷാ നിലയത്തിന്റെ ഡിസൈനിങ് പുരോഗമിക്കുന്നതായും മന്ത്രിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി പി  ഡ ബ്ല്യു ഡി അധികൃതര്‍ അറിയിച്ചു.

കൊല്ലം കോര്‍പറേഷനിലെ വടക്കുംഭാഗം ലിങ്ക് റോഡില്‍ കാനറ ബാങ്കിനോട് ചേര്‍ന്ന റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധിയുടെ ചോദ്യത്തിന് ഓട നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. കൊല്ലം ബോട്ട് ജെട്ടി ലിങ്ക് റോഡ് ഭാഗത്ത് മാലിന്യം അടിഞ്ഞുകൂടിയത് നീക്കം ചെയ്യുന്നത് സംബന്ധിച്ച മന്ത്രിയുടെ ചോദ്യത്തിന് ടൂറിസം വകുപ്പ് കായല്‍ ശുചീകരിക്കുന്നതിന് 1.5 കോടി  രൂപയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചതായും മണിച്ചിതോടില്‍ നിന്നും മാലിന്യം അഷ്ടമുടി കായലില്‍ എത്തുന്നത് തടയാന്‍ മൂന്ന് സ്ഥലങ്ങളില്‍ ഗ്രില്‍ സ്ഥാപിച്ച് എല്ലാ ദിവസവും മാലിന്യം നീക്കം ചെയ്യുന്നതായി നഗരസഭ അറിയിച്ചു.

ആശുപത്രിമുക്ക് കൊട്ടിയം റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് ഒന്നര വര്‍ഷമായിട്ടും ലൈറ്റ് തെളിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കുന്നത്തൂര്‍ എംഎല്‍എ ഉല്ലാസ്  കോവൂര്‍ പറഞ്ഞു. മൈനാഗപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അതിരൂക്ഷമായ വൈദ്യുതി പ്രശ്‌നം നിലനില്‍ക്കുന്നതായും ഭരണിക്കാവില്‍ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും സിഗ്‌നല്‍ ലൈറ്റുകളുടെ സമയം ക്രമീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് ആവശ്യമായ സ്ഥലം ലഭിച്ചിട്ടുണ്ടെന്നും നിര്‍മാണത്തിനാവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കടയ്ക്കല്‍ മാര്‍ക്കറ്റ് നവീകരണം വൈകുന്നതായും കടക്കല്‍ കോടതി സമുച്ചയനിര്‍മാണം നിലച്ചതായും എ എം നസീര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. മണ്ഡലത്തില്‍ പലയിടത്തും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായും വില്ലേജ് ഓഫീസര്‍മാരുടെ അഭാവം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും എംഎല്‍എ പറഞ്ഞു. കെ എ പി കനാല്‍ പരിസരം കാടുമുടിക്കിടക്കുന്നതായും കാട്ടുപന്നികളുടെ ആവാസകേന്ദ്രങ്ങളായി ഇവ മാറിയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ ജില്ലക്ക് പൊതുവായി ഒരു കോസ്റ്റ് ഇന്‍ഡക്‌സാണ് നിലവിലുള്ളതെന്നും മണ്‍റോ തുരുത്ത് പോലെ സാധനങ്ങള്‍ എത്തിക്കുന്നതിനു ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ പൊതുവായ കോസ്റ്റ് ഇന്‍ഡക്‌സ് ഉപയോഗിക്കുന്നത് ടെന്‍ഡര്‍ വേളയില്‍ കരാറുകാര്‍ പങ്കെടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രദേശങ്ങളിലെ അധിക ചെലവ് കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കോസ്റ്റ് ഇന്‍ഡക്‌സ് നിലവിലുള്ളത് പോലെ  മന്റോ തുരുത്തിന് പ്രത്യേക കോസ്റ്റ് ഇന്‍ഡക്‌സ് തയ്യാറാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് വികസനസമിതി അംഗീകരിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പി ഡബ്ല്യു ഡിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന്റെ അപകടാവസ്ഥ, പിറവന്തൂര്‍ പഞ്ചായത്തിലെ കുരിയോട്ടുമല ആദിവാസി കോളനിയുടെ ശോചനീയാവസ്ഥ, പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം, തെരുവുനായ ശല്യം, ഭൂമി തരംമാറ്റ നടപടികള്‍ കാര്യക്ഷമമാക്കണം, പഴകിയ മത്സ്യം വില്‍ക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ എംഎല്‍എമാരുടെ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.
ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും വീടുകളിലും ഡ്രൈഡേ ആചരിക്കാനും വികസന സമിതി തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്ന് സമിതി നിര്‍ദേശിച്ചു.
യോഗത്തില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധി വാഴയില്‍ അസീസ്, മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധി പി പത്മകുമാര്‍, മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതിനിധി കെ ബാബുരാജന്‍, കെ സി വേണുഗോപാല്‍ എംപിയുടെ പ്രതിനിധി അഡ്വ. എം ഇബ്രാഹീംകുട്ടി, ഉല്ലാസ് കോവൂര്‍ എം എല്‍ എയുടെ പ്രതിനിധി ജി ഗോപകുമാര്‍, ബി ബി ഗോപകുമാര്‍ എം എല്‍ എയുടെ പ്രതിനിധി എസ് വി അനിത് കുമാര്‍, അഡ്വ. വിഷ്ണുമോഹന്‍ എം എല്‍ എയുടെ പ്രതിനിധി കെ ജെ അരുണ്‍, സി ആര്‍ മഹേഷ് എംഎല്‍എയുടെ പ്രതിനിധി നജീബ് മണ്ണേല്‍, എ എം നസീര്‍ എം എല്‍ എയുടെ പ്രതിനിധി ജയിംസ് എന്‍ ചാക്കോ, ജ്യോതികുമാര്‍ ചാമക്കാല എം എല്‍ എയുടെ പ്രതിനിധി അഡ്വ. എം ഷാന്‍, എ ഡി എം എസ് സജീദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ജി ഉല്ലാസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

  

date