Skip to main content

പുനര്‍നിര്‍മാണത്തിനൊരുങ്ങി കുളത്തൂപ്പുഴ മാര്‍ക്കറ്റ്

 

കുളത്തൂപ്പുഴ മാര്‍ക്കറ്റ് പുനര്‍നിര്‍മിക്കാന്‍ തീരുമാനമെടുത്തതായി കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം സൈനബാ ബീവി അറിയിച്ചു. നിലവില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ച് 35 സെന്റില്‍ വിശാലമായ കോംപ്ലക്‌സ് നിര്‍മ്മിച്ച് അതിലേക്ക് മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം നിലവില്‍, മാര്‍ക്കറ്റ് പരിസരത്ത് കുറവാണ്. മാര്‍ക്കറ്റ് നവീകരിക്കുമ്പോള്‍ സൗകര്യപ്രദമായ  പാര്‍ക്കിംഗും കൂടി ഉറപ്പുവരുത്തും. പുതിയ മാര്‍ക്കറ്റ് കെട്ടിടത്തില്‍  വൃത്തിയുള്ള 'പേ ആന്‍ഡ് യൂസ്' ശുചിമുറി സൗകര്യം കൂടി ലഭ്യമാക്കുമെന്നും നഗരത്തിലെ ശുചിമുറി പ്രശ്‌നത്തിനും ഇതോടെ പരിഹാരമാകുമെന്നും അവര്‍ പറഞ്ഞു.
പഴയ മാര്‍ക്കറ്റ് പൊളിക്കാനുള്ള ഉത്തരവ് പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെയും  പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയും മാത്രമേ കെട്ടിടം പൊളിക്കാന്‍ നടപടി സ്വീകരിക്കൂ. വിദഗ്ധ ആര്‍ക്കിടെക്ടിനെ കൊണ്ടുവന്ന് മാര്‍ക്കറ്റ് പരിസരം പരിശോധിച്ച് പുതിയ കെട്ടിടത്തിനുള്ള പ്ലാന്‍ തയ്യാറാക്കി ചെലവ് നിര്‍ണയിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പഴയ മാര്‍ക്കറ്റ് പൊളിച്ചു കഴിഞ്ഞാല്‍ കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ എത്രയും വേഗം തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നും കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
 
 

 

date