നടത്തറ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി; മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ലേണൽ തോമസിനെ ആദരിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും നടത്തറ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'കേരളോത്സവം 2026'-ന് ആവേശകരമായ തുടക്കം. മുൻ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ലേണൽ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജോബി ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. വിനയൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
പൂച്ചട്ടി എ.കെ.എം.എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ച കേരളോത്സവം നവംബർ 15 വരെ നീണ്ടുനിൽക്കും.
2004 ഒക്ടോബർ 31-ന് ന്യൂഡൽഹിയിൽ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ പഞ്ചാബിനെ കീഴടക്കി കേരളം കിരീടം ചൂടിയ ചരിത്രവിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മിഡ്ഫീൽഡ് താരമായിരുന്നു ലേണൽ തോമസ്. ഈ വിജയത്തിന്റെ 22-ാം വാർഷിക ദിനത്തിൽത്തന്നെ അദ്ദേഹത്തെ ചടങ്ങിൽ വെച്ച് പൊന്നാടയണിയിച്ച് ആദരിച്ചത് ഏറെ ശ്രദ്ധേയമായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന ഷാജു, സ്ഥിരം സമിതി അധ്യക്ഷരായ സജിത ജനാർദ്ദനൻ, സി.വി. സുരേഷ്, പി.കെ. അഭിലാഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. പി.ആർ. രജിത്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.സി. അഭിലാഷ്, ഗീത രവീന്ദ്രാക്ഷൻ, ബിന്ദു കാട്ടുങ്ങൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിത്ത് ചാക്കോ, ബിന്നി വർഗീസ്, ടി. അഖിൽ, ജോയ്സൺ അച്ഛാണ്ടി, ശാലിനി സുനിൽ, ഉഷ ഉണ്ണികൃഷ്ണൻ, വി.എ. കൃഷ്ണൻ, മോനിഷ പ്രതീഷ്, ഷേർളി മോഹൻ, സന്ധ്യ ശിവദാസൻ, ജിജി ജോയ്, യൂത്ത് കോ-ഓർഡിനേറ്റർ അജീഷ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments