Skip to main content
ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം

അടൂര്‍ കോടതി സമുച്ചയ നിര്‍മ്മാണം : ഡിസംബര്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സി വി ശാന്തകുമാര്‍ എംഎല്‍എ

അടൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കണമെന്ന് സി വി ശാന്തകുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദ്ദേശം. കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അവശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. അടൂര്‍ പൊതുമരാമത്ത് കോംപ്ലക്‌സ്, റവന്യൂ കോംപ്ലക്‌സ് എന്നിവയുടെ നിര്‍മ്മാണം വേഗത്തിലാക്കണം. അടൂര്‍ - തുമ്പമണ്‍ - കോഴഞ്ചേരി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ അധ്യക്ഷതയില്‍ നവംബര്‍ ആദ്യവാരം തദ്ദേശസ്ഥാപന പ്രതിനിധികള്‍, കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും. അടൂര്‍ നയനം തിയേറ്ററിന് മുന്‍വശത്തുള്ള റോഡിന്റെ അറ്റപ്പണി നടത്തണം. ശബരിമല തീര്‍ത്ഥാടനകാലം അടുത്തു വരുന്ന സാഹചര്യത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് പോലീസും ഗതാഗത വകുപ്പും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പ്രവൃത്തികള്‍ ദീര്‍ഘകാലം നീളുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശ നടപടി ഉണ്ടാകുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

 പ്രമാടം പഞ്ചായത്തിന്റെ പ്രധാന ഭാഗമായ പൂങ്കാവ് ജംഗ്ഷനില്‍ ദിശാ സൂചികയും ഡിവൈഡറും സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. പൂങ്കാവ് -  പത്തനംതിട്ട റോഡില്‍ പ്രമാടം സഹകരണ ബാങ്കിന് സമീപമുള്ള റോഡിലെ വളവില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ക്രാഷ് ഗാര്‍ഡ് സ്ഥാപിക്കണം. പൂങ്കാവ് - ഇടതുരുത്ത് റോഡില്‍ വെള്ളക്കെട്ട് തടയുന്നതിന് നടപടി ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല പറഞ്ഞു. ടി കെ റോഡിലെ ടാറിങ് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 പള്ളിക്കല്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ജയിലിന്റെ നിര്‍മ്മാണം വേഗത്തില്‍ ആക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ശബരിമല തീര്‍ത്ഥാടന പാതകള്‍ മികച്ച നിലവാരത്തിലാണെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍ നിര്‍ദ്ദേശം നല്‍കി. റോഡിന്റെ വശങ്ങളിലെ കാട് വെട്ടി തെളിക്കണം. റിഫ്‌ളക്ടറുകള്‍, ക്രാഷ് ബാരിയര്‍, ദിശാ സൂചകങ്ങള്‍, അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍, റോഡ് അടയാളങ്ങള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട  മറ്റ് പ്രവൃത്തികളും വകുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. അപ്പര്‍ കുട്ടനാട് മേഖലയില്‍ വെള്ളപ്പൊക്ക പ്രതിരോധ മാതൃകകള്‍ കെട്ടിട നിര്‍മാണത്തിന് പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുളിക്കീഴ് റോഡ് നിര്‍മ്മാണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ആര്‍ കെ ഐ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ട കെട്ടിടങ്ങള്‍ പഞ്ചായത്ത്, റവന്യൂ വകുപ്പുകള്‍ മുന്‍കൂട്ടി സന്ദര്‍ശിച്ച് ക്രമീകരങ്ങള്‍ ഉറപ്പാക്കണം. കൂടുതല്‍ ക്യാമ്പുകള്‍ നേരത്തെ തന്നെ കണ്ടെത്തണം. പത്തനംതിട്ട ജില്ലാ ജയിലിന്റെ നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നതിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ താക്കീത് നല്‍കി. പമ്പ - ചാലക്കയം റോഡിന്റെ നിര്‍മ്മാണം മാതൃകാപരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എസ് രഞ്ജിനി, എഡിഎം ആര്‍ രാജലക്ഷ്മി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date