സ്വന്തം സംസ്കാരത്തെയും ഭാഷയേയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോയാൽ നിങ്ങൾക്ക് ഏത് മേഖലയിലും മുന്നേറാൻ സാധിക്കും : ടി ഡി രാമകൃഷ്ണൻ
പുസ്തകങ്ങൾ വായിക്കുക എന്നതാണ് ഒരു ഭാഷയെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ടി. ഡി രാമകൃഷ്ണൻ ' മലയാള ഭാഷയും പുതുതലമുറയും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തവെ പറഞ്ഞു. സ്വന്തം സംസ്കാരത്തെയും ഭാഷയേയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോയാൽ നിങ്ങൾക്ക് ഏത് മേഖലയിലും മുന്നേറാൻ സാധിക്കുമെന്നും നമ്മുടെ ഭാഷയെ തെറ്റ് കൂടാതെ ഉപയോഗിക്കാനും അത് അഭിമാനത്തോട് കൂടി ഏതൊരു സ്ഥലത്തും പറയാനുള്ള മനസ്സുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളഭാഷയെ ഭരണഭാഷയാക്കുന്നതിനുള്ള ആത്യന്തിക ലക്ഷ്യം തന്നെ ഏറ്റവും സാധാരണക്കാരായ ജനങ്ങളിലേക്ക് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഒരു തടസവും ഇല്ലാതെ എത്തിക്കുക എന്നതാണെന്നും ഭരണഭാഷാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തൃശൂർ ജില്ല കൈവരിച്ച നേട്ടം ജില്ലയ്ക്ക് വലിയ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലും ഇംഗ്ലീഷ് പോലുള്ള ഭാഷകൾക്ക് പ്രതിബന്ധമാകാത്ത വിധത്തിലുമാണ് ഭരണ ഭാഷ മാതൃഭാഷയിലാകേണ്ടതെന്നും തമിഴ് ജനത തങ്ങളുടെ ഭാഷയോടും സംസ്കാരത്തോടും പുലർത്തുന്ന അഭിമാനം മലയാളികളും പിന്തുടരണമെന്നും, മാതൃഭാഷയിൽ സംസാരിക്കുന്നതിലും എഴുതുന്നതിലും അഭിമാനിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നൂതന സാങ്കേതിക വിദ്യകളുടെ കാലത്തും സ്വന്തം ഭാഷയെയും സംസ്കാരത്തെയും മുറുകെപ്പിടിച്ച്, മലയാള ഭാഷയെ ഔദ്യോഗിക-വ്യക്തിഗത ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ പുതുതലമുറ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments