ക്യാമ്പസ് ടു ബൂത്ത്: പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കമായി
വോട്ടർ പട്ടികയിൽ യുവജന പങ്കാളിത്തം ഉറപ്പാക്കാൻ ‘ക്യാമ്പസ് ടു ബൂത്ത്’ പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കം. അർഹരായ മുഴുവൻ വിദ്യാർത്ഥി-യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിച്ചു.
പുതുതലമുറയിലെ യുവാക്കൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ഉത്തരവാദിത്തമുണ്ടെന്നു ജില്ലാ കളക്ടർ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തെയും നയങ്ങളെയും ഭാവിയെത്തന്നെയും സ്വാധീനിക്കുന്ന ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഓരോ പൗരനും പങ്കാളിയാകണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എ.എ. ഉഷ അധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊഫസറും ഇലക്ടറൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്ററുമായ ശ്വേത ജോർജ് സ്വാഗതം ആശംസിച്ചു. ആലപ്പുഴ സബ് കളക്ടർ സി ശിവശക്തിവേൽ, ചരിത്രവിഭാഗം മേധാവി എ.കെ സന്ധ്യ, ഇലക്ടറൽ ലിറ്ററസി ക്ലബ് വിദ്യാർത്ഥി പ്രതിനിധി ദിയ ആൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കല ഭാസ്കർ നന്ദി രേഖപ്പെടുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നവംബർ രണ്ടു മുതൽ ഏഴു വരെ നടക്കുന്ന പ്രത്യേക ക്യാമ്പയിനിലൂടെ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർക്കാത്ത അർഹരായ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷന് അവസരമൊരുക്കും. 18 വയസ്സ് പൂർത്തിയായവർക്കും 2027 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷിക്കാം.
വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇ സി ഐ നെറ്റ് ആപ്പ് മുഖേന വോട്ടർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സൗകര്യവും മാർഗനിർദേശവും പരിപാടിയുടെ ഭാഗമായി ഒരുക്കി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്ത അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. നൂറുശതമാനം വോട്ടർ രജിസ്ട്രേഷൻ കൈവരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ സമ്മതിദായക ദിനമായ ജനുവരി 25-ന് ആദരിക്കും. വിദ്യാർത്ഥികളിൽ വോട്ടവകാശത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോകാതിരിക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
- Log in to post comments