Skip to main content

അസിസ്റ്റന്റ് കളക്ടർമാരുടെ മലയാളം മാഷിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

 ഗുരുശിഷ്യ ബന്ധത്തിന് വലിപ്പച്ചെറുപ്പമില്ല, പദവികളില്ല. അറിവ് പകർന്നു നൽകുന്നതാരാണോ അവരാണ് ഗുരു. അതിനൊരു ഉത്തമ ഉദാഹരണവുമുണ്ട്   എറണാകുളം സിവിൽ സ്റ്റേഷനിൽ; റവന്യൂ വകുപ്പിൽ അസിസ്റ്റന്റ് കളക്ടർമാരുടെ പേഴ്സണൽ അസിസ്റ്റന്റായി സേവനം അനുഷ്ഠിച്ചുവരുന്ന പി.വി. സുനിൽകുമാർ. 

എറണാകുളം സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ  16 വർഷത്തെ അധ്യാപനത്തിന് ശേഷം 2010 ലാണ് സുനിൽകുമാർ  കലക്ടറേറ്റിലെത്തുന്നത്. അക്കാലം മുതൽ ഇന്നുവരെ   മാറിവന്ന 17 അസിസ്റ്റന്റ് കളക്ടർമാരിൽ  ഇതര ഭാഷക്കാരായ  14 പേരുടെയും പ്രിയ ഗുരുവാണ് സുനിൽകുമാർ.

 കേരള കേഡറിലേക്ക് എത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് മലയാളഭാഷ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. ജില്ലയിൽ അസിസ്റ്റന്റ് കളക്ടർമാരായെത്തിയ ഒട്ടുമിക്ക എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും മലയാളഭാഷയെ കുറിച്ച്  ധാരണയുണ്ടെങ്കിലും  അവർ എഴുതാനും വായിക്കാനും 
പറയാനും പഠിക്കുന്നത് സുനിൽകുമാറിന്റെ ശിക്ഷണത്തിലാണ്.

2010ൽ അന്നത്തെ 
ഹുസൂർ ശിരസ്തദാറായിരുന്ന
 പി. കെ പ്രകാശാണ് സുനിൽകുമാറിനെ അസിസ്റ്റന്റ് കളക്ടർമാരുടെ മലയാളഭാഷ ഗുരുവായി  നിയോഗിച്ചത്. അതിന്നും കൃത്യമായി ചെയ്തുപോരുന്നു. നിലവിലെ അസിസ്റ്റന്റ് കളക്ടർ  ഹൃതിക് രഞ്ജൻ ഉൾപ്പെടെയുള്ളവരുടെ പ്രിയപ്പെട്ട മാഷായി അദ്ദേഹം.

 ഇംഗ്ലീഷിൽ മലയാളം പഠിപ്പിക്കുകയെന്ന  ദൗത്യം കേരള കേഡറിലെത്തിയ ഇതര സംസ്ഥാന ഐഎഎസ് ഉദ്യോഗസ്ഥരായതുകൊണ്ട്  ആദ്യം ഒരല്പം ഭയം തോന്നിയെങ്കിലും  ഇന്ന് ഏറെ അഭിമാനമാണെന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയായാ പൊന്നാരിമംഗലം തച്ചമ്പിള്ളിയിൽ  സുനിൽകുമാർ പറയുന്നു.

ഇന്നലെ കളക്ടറേറ്റിൽ നടന്ന മലയാള ദിനാഘോഷ ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി സുനിൽ കുമാറിന് ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം കൈമാറുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

date