Skip to main content

ഐ സി ചലഞ്ചുമായി കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്

നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐസി ചലഞ്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 14 വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് ചലഞ്ച് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഓരോ വാർഡിലെയും മാലിന്യം കെട്ടിക്കിടന്നിരുന്ന സ്ഥലം കണ്ടെത്തി ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്കു പുറമെ വൃത്തിയാക്കിയ സ്ഥലങ്ങളിൽ പൂച്ചെടികൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുപിടിപ്പിക്കുകയും ചെയ്തു. ശുചീകരിച്ച ഇടങ്ങൾ മനോഹരവും ഹരിതാഭവുമാക്കി മാറ്റുന്നതിനൊപ്പം അവ വീണ്ടും മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളായി മാറുന്നത് തടയുകയും പരിസരശുചിത്വം നിലനിർത്തുകയും ചെയ്യുക എന്നതാണ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം. മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ജനപ്രതിനിധികളുടെയും വാർഡ് നിവാസികളുടെയും സജീവ പങ്കാളിത്തം പരിപാടിക്ക് മികവേകി.

date