Skip to main content

ജില്ലാതല അറിയിപ്പുകൾ

ഇൻസുലേറ്റഡ് ഐസ് ബോക്‌സ്;  അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 660 ലിറ്റർ ഇൻസുലേറ്റഡ് ഐസ് ബോക്സ് പദ്ധതിക്ക് ചെമ്മീൻ കൃഷി ചെയ്യുന്ന മത്സ്യ കർഷക ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് 20889/- രൂപയിൽ, ജനറൽ വിഭാഗത്തിന് 40% വും,പട്ടികജാതി വിഭാഗത്തിന് 75% വും, പട്ടിക വർഗ വിഭാഗത്തിന് 100% വും സബ്സിഡി അനുവദിക്കും. കുറഞ്ഞത് രണ്ടു പേരടങ്ങുന്ന ഗ്രൂപ്പിൽ ഒരംഗത്തിനു ഒരു യൂണിറ്റ് എന്ന നിലയിൽ പരമാവധി നാല് യൂണിറ്റ് വരെ അനുവദിക്കും. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20 നകം തലശ്ശേരി/മാടായി/അഴീക്കോട്/കണ്ണൂർ മത്സ്യഭവനുകളിൽ സമർപ്പിക്കണം. ഫോൺ: 0497 -2731081.

യു ജി സി - നെറ്റ് പരീക്ഷാ പരിശീലനം 

മാനവിക വിഷയങ്ങളിൽ യു ജി സി ഡിസംബറിൽ നടത്താൻ നിശ്ചയിച്ച നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മോഡൽ കരിയർ സെന്റർ & യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ പരിശീലന പരിപാടി നവംബർ ഏഴ് ശനിയാഴ്ച ആരംഭിക്കും.  ഒഴിവുള്ള സീറ്റുകളിലേക്ക് താൽപര്യമുള്ളവർക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ മോഡൽ കരിയർ സെൻറർ ആൻഡ് എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0497 2703130.  ഇമെയിൽ - ugbkanr.emp.lbr@kerala.gov.in

ഓമനപ്പക്ഷികളുടെ പരിപാലനം

ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 12, 13 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച്  വരെ ഓമനപ്പക്ഷികളുടെ പരിപാലനം വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബർ 11 ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് ക്ലാസ്സില്‍ പ്രവേശനം. ഫോണ്‍: 0497 2763473.

ലെവൽക്രോസ്സ് അടച്ചിടും

എടക്കാടിനും കണ്ണൂർ സൗത്തിനുമിടയിലുള്ള തലശ്ശേരി - കണ്ണൂർ (എൻ.എച്ച്.) ചൊവ്വ ലെവൽക്രോസ്സ് നവംബർ അഞ്ച് രാവിലെ ഒമ്പത് മുതൽ ഏഴ് വൈകുന്നേരം എട്ട് വരെ അടച്ചിടും.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഹ്രസ്വകാല ഓൺലൈൻ പരിശീലനം

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന്റെ ഓൺലൈൻ ബാച്ചിലേയേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ ഒമ്പത്. ഫോൺ: 0471-2365445, 9496015002, വെബ്സൈറ്റ്: www.reach.org.in

 

ഗതാഗതം നിരോധിച്ചു

റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ചമതകാട് മുതൽ  സെൻട്രൽ പൊയിലൂർ വരെയുള്ള റോഡിലെ  വാഹന ഗതാഗതം നവംബർ നാല് മുതൽ 7 ദിവസത്തേക്ക് പൂർണമായും നിരോധിച്ചു. വാഹനങ്ങൾ “കേളുമുക്ക്-കായംകുളം-നെല്ലിത്തറ-പോയിലൂർ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ചമതകാട്- മടവൻ പറമ്പ് - പുല്ലായിത്തോട് റോഡ് വഴിയും അനുയോജ്യമായ മറ്റു റോഡുകൾ വഴിയും പോകണം.

 

പട്ടയം വിചാരണ മാറ്റിവച്ചു

തലശ്ശേരി/ഇരിട്ടി ദേവസ്വം ലാൻഡ് ട്രിബ്യൂണലിൽ നവംബർ നാല്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ച പട്ടയക്കേസുകളുടെ വിചാരണ നവംബർ18 ന് രാവിലെ 11 മണിയിലേക്ക് മാറ്റിവച്ചു.

 

വിജിലൻസ് കമ്മിറ്റി ത്രൈമാസ യോഗം

ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ ത്രൈമാസ യോഗം നവംബർ നാല് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരുന്നു. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട അഴിമതി സംബന്ധമായ പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് നേരിട്ട് ഹാജരായി
യോഗത്തിൽ  അറിയിക്കാം.

 

 

ഓട്ടോറിക്ഷ പരിശോധന കർശനമാക്കി: ആർ ടി ഒ

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കെ സി നമ്പർ ഇല്ലാതെയും പാർക്കിങ്ങിന് വിരുദ്ധമായി പാർക്ക് ചെയ്യുകയും, പെർമിറ്റ് നിബന്ധനകൾക്ക് വിരുദ്ധമായി സർവ്വീസ് നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ആർ.ടി.ഒ ഇ എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു.  പരിശോധനയുടെ ഭാഗമായി നവംബർ രണ്ടിന് മാത്രമായി 11 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 27000 രൂപ പിഴ ചുമത്തുകയും ചെയ്തു.  വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

 

 

ശാസ്ത്രീയ വാഴക്കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും മൊകേരി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ആത്മ ജനറല്‍ ഫണ്ട് 2026-27 പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ശാസ്ത്രീയ വാഴക്കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കനകം കുനിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ശാസ്ത്രീയ വാഴക്കൃഷി രീതികള്‍, കൃഷിയിലെ ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗം, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കാര്‍ഷിക വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ കെ പി മഞ്ജു ക്ലാസെടുത്തു. കൃഷി ഓഫീസര്‍ സോണിയ വി പി പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കാളികളായി.

 

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ യു ബാലചന്ദ്രന്‍ അധ്യക്ഷനായി. കണ്ണൂര്‍ ഗവ. വിമന്‍സ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ പി നിതീഷ് വിശിഷ്ടാതിഥിയായി. ചടങ്ങില്‍ പി.പി. പ്രസാദ്, സി.എം. നിര്‍മ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലയാള ഭാഷയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും ജീവനക്കാരില്‍ ഭാഷാസ്‌നേഹവും സാഹിത്യാഭിരുചിയും വളര്‍ത്തുന്നതിനുമായി മലയാള ഭാഷാ സാഹിത്യ പ്രശ്‌നോത്തരി, കൈയെഴുത്ത് മത്സരം, കവിതാലാപന മത്സരം എന്നിവ സംഘടിപ്പിച്ചു.

കവിതാലാപന മത്സരത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എം.വി. സുനന്ദ ഒന്നാം സ്ഥാനം നേടി. സാഹിത്യ പ്രശ്‌നോത്തരിയില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ ബിനോയ് മാത്യുവും കൈയെഴുത്ത് മത്സരത്തില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ ഗ്രീഷ്മ സന്തോഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 

ഭരണഭാഷാ വാരാചരണം; മത്സരങ്ങള്‍ സംഘടിപ്പിച്ചു

ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ- കിഫ്ബി നം.2) കാര്യാലയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഭരണഭാഷാ ക്വിസ്, കൈയ്യെഴുത്ത്, കേട്ടെഴുത്ത്, കവിതാ പാരായണം, പ്രസംഗ മത്സരം എന്നിവയാണ് നടത്തിയത്. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ സൂപ്രണ്ടുമാരായ കെ വി ഷാജു, പി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തില്‍ ജീവനക്കാരായ എന്‍ പ്രകാശന്‍, എം യമുന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഭരണഭാഷാ പ്രതിജ്ഞയും ചടങ്ങില്‍ ചൊല്ലിക്കൊടുത്തു

date