റിഥം പദ്ധതി: ഭിന്നശേഷിക്കാരായ കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാതല ആര്‍ട്ട് ട്രൂപ്പുകള്‍ രൂപീകരിക്കും. സംഗീതം, നൃത്തം, പെര്‍ഫോമിംഗ് ആര്‍ട്‌സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളില്‍ കഴിവുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. ഓരോ ജില്ലയില്‍ നിന്നും 30 പേരെ തിരഞ്ഞെടുക്കും. പ്രായപരിധി 45. ഭിന്നശേഷി തെളിയിക്കുന്നതിന് യൂണിക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നിര്‍ബന്ധമായും ഹാജരാക്കണം. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ അപേക്ഷയും കലാപ്രകടനത്തിന്റെ അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോയും അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ നേരിട്ടുള്ള സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. കൂടാതെ ട്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം ഭിന്നശേഷി പ്രതിഭകള്‍ക്ക് ലഭ്യമാക്കും. അപേക്ഷയും അനുബന്ധ രേഖകളും വിഡിയോയും ridhampta2026@gmail.com ലൂടെയും ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെട്ടും സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ ഏഴ്. ഫോണ്‍: 0468 2325168, 7593878154.
- Log in to post comments