Skip to main content
പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലബോറട്ടറിയുടെ ഒന്നാം വാര്‍ഷികാഘോഷവും ഏകദിന സെമിനാറും ജില്ലാ കലളക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കും: ജില്ലാ കളക്ടര്‍

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പത്തനംതിട്ടയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കുക എന്നത് ജില്ലയുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ പറഞ്ഞു. വെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറിയുടെ ഒന്നാം വാര്‍ഷികാഘോഷവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യപരിശോധനയില്‍ കൃത്യത, വിശ്വാസ്യത, സമയബന്ധിതത്വം, സാങ്കേതിക മികവ് എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ഒരു സാമ്പിളിന്റെ പരിശോധനയില്‍ സംഭവിക്കുന്ന ചെറിയ അശ്രദ്ധ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാം. അതിനാല്‍ ഓരോ പരിശോധനയും ഉയര്‍ന്ന പ്രൊഫഷണല്‍ ഉത്തരവാദിത്തത്തോടെയും ശാസ്ത്രീയമായ കൃത്യതയോടെയും നിര്‍വഹിക്കേണ്ടതുണ്ട്. മാറിവരുന്ന ഭക്ഷണരീതികള്‍ക്കനുസരിച്ച് ഭക്ഷ്യഗുണനിലവാരം, മായം ചേര്‍ക്കല്‍ എന്നിവയെക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തുന്നതിലും ഭക്ഷ്യസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിലും ലബോറട്ടറിക്ക് വലിയ പങ്കുവഹിക്കാനാകും. ഭക്ഷ്യവസ്തുക്കളുടെ ഘടനയും ഗുണനിലവാരവും പരിശോധിക്കുന്ന രസതന്ത്രം, സസ്യജന്യ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സസ്യശാസ്ത്രം, ഭക്ഷ്യജന്യ രോഗാണുക്കളെക്കുറിച്ച് പഠിക്കുന്ന ജന്തുശാസ്ത്രം തുടങ്ങിയ പഠനമേഖലകള്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവയാണ് എന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത് പെരേരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം പ്രൊഫസര്‍ ബിനോയ് ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗവണ്‍മെന്റ് അനലിസ്റ്റ് എം. സുബ്ബുരാജ്, ഡെപ്യൂട്ടി അനലിസ്റ്റ് ടി. ഷൈനു മോള്‍, റിസര്‍ച്ച് ഓഫീസര്‍ എച്ച്. ഹേംലാല്‍, ആറന്മുള ഫുഡ് സേഫ്റ്റി ഓഫീസര്‍ പ്രശാന്ത് കുമാര്‍, പ്രൊഫസര്‍ വി.പി. തോമസ്, റിസര്‍ച്ച് ഓഫീസര്‍ എസ്.ജെ. ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രാഥമിക ജലഗുണനിലവാര പരിശോധന സംഘടിപ്പിച്ചു. കാതോലിക്കേറ്റ് കോളജിലെ ശാസ്ത്രവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഭക്ഷ്യസുരക്ഷാ സെമിനാറും നടത്തി. പൊതുജനാരോഗ്യ സംരക്ഷണത്തിനൊപ്പം വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തുന്നതിനും ലബോറട്ടറിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരമായി പരിപാടി മാറി.

date