ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഖരമാലിന്യ പരിപാലന ചട്ടങ്ങളില്‍ പരിശീലനം നല്കി
കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിനുള്ള ജനകീയ കാമ്പയിനായ 'നിര്‍മലം' പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ 2026 എന്ന വിഷയത്തില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ക്കായി ബ്ലോക്ക്തല ഏകദിന പരിശീലനം സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആര്.ജി.എസ്.എ ഘടകത്തില്‍ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 31ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മസേന അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിത്ത് ജി. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന് അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ജി പ്രദീപ്, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് ഷാജി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതകര്‍മസേന നിര്‍ണായക പങ്കാണ് വഹിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് തരം തിരിക്കുകയും തുടര്‍സംസ്കരണത്തിനായി കൈമാറുകയും ചെയ്യുന്നതിലൂടെ ശുചിത്വമുള്ള പരിസ്ഥിതി ഉറപ്പാക്കുന്നതില്‍ ഹരിതകര്‍മസേന അംഗങ്ങളുടെ പ്രവര്‍ത്തനം പ്രധാനമാണ്.
മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും വരുന്ന മാറ്റങ്ങളെക്കുറിച്ച് ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് കൃത്യമായ അറിവ് നല്‍കുന്നതിനും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്. ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഹരിതകര്‍മസേന അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്നിവ പരിശീലനത്തില്‍ വിശദീകരിച്ചു.
ഉറവിടത്തില്‍ത്തന്നെ മാലിന്യം തരംതിരിക്കുന്നതിന്റെ പ്രാധാന്യം, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, ഗതാഗതം, കൈമാറ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ രീതികള്‍ എന്നിവയും ക്ലാസുകളില്‍ ഉള്‍പ്പെടുത്തി. ഉപയോക്തൃ ഫീസ്, രേഖാപരിപാലനം, സുരക്ഷാ മുന്‍കരുതലുകള്‍, മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ എന്നിവ സംബന്ധിച്ചും അംഗങ്ങള്‍ക്ക് അവബോധം നല്കി.
മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ നിയമാനുസൃതമായ രീതികള്‍ പിന്തുടരുന്നതിനും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പരിശീലനം സഹായകമായി. സമ്പൂര്‍ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തദ്ദേശതലത്തില്‍ നടക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
- Log in to post comments