ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
ജില്ലയിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) നേതൃത്വത്തിലുള്ള പുതിയ ആധാർ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം നിർവഹിച്ചു. യൂ.ഐ.ഡി.എ.ഐ നേരിട്ട് നടത്തുന്ന ജില്ലയിലെ ഏക ആധാർ സേവാ കേന്ദ്രമാണിത്.
പൊതുജനങ്ങൾക്കായി ആധാർ സംബന്ധമായ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരുത്തിപ്പാറ വി.സി. മെറിഡിയന്റെ ഒന്നാം നിലയിൽ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
പുതിയ ആധാർ എൻറോൾമെന്റ്, ബയോമെട്രിക് വിവരങ്ങൾ പുതുക്കൽ, പരാതി പരിഹാരം തുടങ്ങിയ വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ, ആധാർ കാർഡ് ഉടമകളുടെ പരാതികൾ റീജിയണൽ ഓഫീസ് മുഖേന പരിഹരിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ വീൽചെയർ സൗകര്യം, പ്രത്യേക ശുചിമുറികൾ, കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം എന്നിവയും ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
യൂ.ഐ.ഡി.എ.ഐ. ഡയറക്ടർ വിനോദ് ജേക്കബ് ജോൺ, ഡി.ഡി.ജി. ആനി ജോയ്സ് വി. എന്നിവർ സംസാരിച്ചു.
- Log in to post comments