Skip to main content

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം; ആറ് പരാതികള്‍ സ്വീകരിച്ചു

 

കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ത്രൈമാസ ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട അഴിമതി പരാതികളും വിവരങ്ങളും പൊതുജനങ്ങളില്‍നിന്ന് നേരിട്ട് സ്വീകരിച്ചു. ലഭിച്ച ആറ് പരാതികളില്‍ വിജിലന്‍സ് സ്വഭാവമുള്ള പരാതികള്‍ വിജിലന്‍സ് ഡയറക്ടറേറ്റിലേക്കും ബാക്കിയുള്ളവ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്കും കൈമാറാന്‍ യോഗം തീരുമാനിച്ചു.

കഴിഞ്ഞ യോഗത്തില്‍ ലഭിച്ച 12 പരാതികളില്‍ വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിജിലന്‍സ് ഡിവൈഎസ്പി എം ടി ജേക്കബ് അറിയിച്ചു. വിജിലന്‍സ് സ്വഭാവമുള്ള രണ്ട് പരാതികള്‍ കേസും രജിസ്റ്റര്‍ ചെയ്തു. കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മാണത്തിനായി ഏറ്റെടുത്ത 17 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് വ്യാജ ആധാരം സമര്‍പ്പിച്ച് മറ്റൊരാള്‍ക്ക് അവകാശം കൈമാറിയെന്ന പരാതിയില്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് ഉദ്യോഗസ്ഥനെതിരെയാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. പട്ടാന്നൂര്‍, കീഴല്ലൂര്‍ വില്ലേജുകളില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അനര്‍ഹര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചെന്ന പരാതിയിലും കേസെടുത്തു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ ബാലഗോപാല്‍, വിജിലന്‍സ് ഡിവൈഎസ്പി എം ടി ജേക്കബ്, വിജിലന്‍സ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി എസ് ഭാവിഷ്, മറ്റ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date