സംസ്ഥാന കായികമേളയിൽ തിളങ്ങിയ മുഹമ്മദ് റിസ്‌വാന് ആദരം
കോഴിക്കോട് നടന്ന 68-ാമത് സംസ്ഥാന കായികമേളയിലെ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ ബിലോ 14 മിക്സഡ് സ്റ്റാൻഡിങ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മാങ്ങോട്ട് എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാനെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെയും പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ റിസ്‌വാനെ പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹനീഫ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
കേൾവി പരിമിതിയെ അതിജീവിച്ച് നേട്ടം കൈവരിച്ച റിസ്‌വാന്റെ വിജയത്തിന് ബി.ആർ.സി. സ്പെഷ്യൽ എജ്യുക്കേറ്റർ നസീറ ടീച്ചറുടെ നിരന്തരമായ പിന്തുണയും പരിശീലനവും വലിയ പങ്കുവഹിച്ചു. ചടങ്ങിൽ റിസ്‌വാന്റെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച നസീറ ടീച്ചറെയും ആദരിച്ചു. ഒരുമനയൂർ സ്വദേശികളായ ഉമ്മർകുട്ടി, നസീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റിസ്‌വാൻ. വാർഡ് മെമ്പർ വി.സി. ധനേഷ്, സീനിയർ അധ്യാപിക രജനി ടീച്ചർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇ.ടി. ഷിനി ഫ്ലവർ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് പി.ഒ. ഷബീർ നന്ദിയും പറഞ്ഞു.
- Log in to post comments