ക്ലിഫ് ഹൗസിൽ 'കൃഷി കേരളം' പദ്ധതി: പച്ചക്കറി തൈകൾ നട്ട് മുഖ്യമന്ത്രി
കൃഷി കേരളം പദ്ധതിയുടെ ഭാഗമായി ക്ലിഫ് ഹൗസ് പരിസരത്ത് പച്ചക്കറി തൈകൾ നട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്, തിരുവനന്തപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ എന്നിവർക്കൊപ്പം ചേർന്ന് കാബേജ്, കോളിഫൽവർ തൈകൾ നട്ട് മുഖ്യമന്ത്രി കൃഷി കേരളം പദ്ധതിയിൽ പങ്കാളിയായി. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കൃഷിവകുപ്പിന്റെ പദ്ധതിയാണ് കൃഷി കേരളം. ക്ലിഫ് ഹൗസിലെ ഒരു ഏക്കറിൽ ശീതക്കാല പച്ചക്കറിക്കൊപ്പം വിവിധ ഇനം കിഴങ്ങുകൾ, ചീര, വാഴ തുടങ്ങിയവ നടും. ആദ്യ വിളവെടുപ്പ് ഒന്നരമാസത്തിനുള്ളിൽ നടത്തും. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്ലിഫ് ഹൗസ് ജീവനക്കാർക്കാണ് പരിപാലന ചുമതല. കൃഷി കേരളം പദ്ധതിയുടെ ഭാഗമായി മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും പച്ചക്കറി തൈകൾ നടും. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പദ്ധതിയിൽ പങ്കാളികളാകും. വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'കതിർ' പദ്ധതിയും കൃഷി- പൊതുവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ആരംഭിച്ചിട്ടുണ്ട്. കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിന് ആരംഭിച്ച പദ്ധതിയാണിത്.
പി.എൻ.എക്സ്. 4660/2026
- Log in to post comments