Skip to main content
ജ്യോതിസിന് 11-ന്റെ തിളക്കം:

ജ്യോതിസിന് 11-ന്റെ തിളക്കം: സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ മാതൃകയായി ഓങ്ങല്ലൂര്‍

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ജ്യോതിസ്' പതിനൊന്നാം വര്‍ഷത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി പ്രതിഭാ പരിപോഷണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി സയന്‍സ് മാജിക് ശില്പശാലയും ശാസ്ത്രപരീക്ഷണ ക്ലാസുകളും സംഘടിപ്പിച്ചു.

വായനോത്സവം, അങ്കണവാടി-പ്രീ പ്രൈമറി സര്‍ഗോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, നവോത്ഥാന സംഗമം, അക്ഷരജ്യോതിസ്, അറിവുത്സവം, രക്ഷാകര്‍തൃ പരിശീലനം, ചെസ് ഗ്രാമം, ഫുട്‌ബോള്‍ പരിശീലനം, കരാട്ടെ പരിശീലനം തുടങ്ങിയ പരിപാടികളാണ് പദ്ധതിക്ക് കീഴില്‍ സംഘടിപ്പിക്കുന്നത്. ഓരോ പരിപാടിക്കും നിശ്ചിത തുക പഞ്ചായത്തും സ്‌കൂളുകളും മാറ്റിവെക്കുന്നുണ്ട്.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ജ്യോതിസ് അക്കാദമി സമിതിയും രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ വിദഗ്ധരായ അഞ്ച് മുതല്‍ പത്ത് വരെ പ്രവര്‍ത്തകരും എല്ലാ സ്‌കൂളുകളിലെയും ജ്യോതിസ് കോര്‍ഡിനേറ്റര്‍മാരും ഉള്‍പ്പെടുന്നതാണ് ജ്യോതിസ് അക്കാദമിക് സമിതി. പഞ്ചായത്ത് ഭരണസമിതിയാണ് നേതൃത്വം വഹിക്കുന്നത്. ഒരു കോര്‍ഡിനേറ്ററും ജോയിന്റ് കോര്‍ഡിനേറ്ററും, അക്കാദമിക് സമിതിക്ക് ചെയര്‍മാനും കണ്‍വീനറും ഉണ്ടായിരിക്കും. പദ്ധതികളുടെ ഏകോപനത്തിനും സമയബന്ധിത നടത്തിപ്പിനും നേതൃത്വം നല്‍കുന്നത് പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മിറ്റിയാണ്.

കഴിഞ്ഞ 11 വര്‍ഷമായി ഓങ്ങല്ലൂരിന്റെ വിദ്യാഭ്യാസമേഖലയില്‍ വലിയ മാറ്റമാണ് ജ്യോതിസ് കൊണ്ടുവന്നതെന്ന് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ പി. നാരായണന്‍ മാസ്റ്റര്‍ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം, സ്‌കൂളുകളുടെ ഭൗതിക സൗകര്യ വികസനം, പഞ്ചായത്തിന്റെ വിദ്യാഭ്യാസ കൂട്ടായ്മ എന്നിവയിലെല്ലാം ജ്യോതിസിന്റെ ഇടപെടല്‍ നിര്‍ണായകമായി. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ കഴിവുകളെ കണ്ടെത്തി വിദ്യാഭ്യാസ ഗുണനിലവാരത്തിനായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ് പദ്ധതിയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

date