Skip to main content

ലോക പക്ഷാഘാത ദിനം ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി പക്ഷാഘാതത്തെക്കുറിച്ചും ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ജില്ലയിലെ നഴ്‌സിംഗ് ഓഫീസര്‍മാര്‍ക്ക് പരീശീലനം നല്‍കി.

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. പക്ഷാഘാതത്തിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിയാല്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍  സാധിക്കൂ. ശരീരത്തിന്റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍. ഇവ ഉണ്ടായാല്‍ ഒരു മിനുട്ട് പോലും വൈകാതെ ചികിത്സ തേടണം.

പ്രധാനമായും രണ്ട് രീതിയിലാണ് സ്ട്രോക്കുള്ളത്. ഒന്ന്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലുള്ള അടവ് കാരണം ഉണ്ടാകുന്ന സ്ട്രോക്കാണ് ഇസ്‌കീമിക് സ്ട്രോക്ക്. രണ്ട്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സ്ട്രോക്കാണ് ഹെമറാജിക് സ്ട്രോക്ക്.      പുകവലി, മദ്യപാനം, ശരിയായ വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം എന്നിവയെല്ലാം കാരണങ്ങളാണ്.  BE FAST B- Balance, E- Eye F- Face , A- Arm S- Speech (T- Time ) എന്നീ വിഷയത്തിലൂന്നിയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്‌ട്രോക്ക് ദിനം പ്രാധാന്യം നല്‍കുന്നത്. B- ബാലന്‍സിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, E- ഒരു കണ്ണിലോ ഇരു കണ്ണുകളിലോ ഉണ്ടാകുന്ന കാഴ്ചമങ്ങല്‍, കാഴ്ച്ച നഷ്ടപെടല്‍, F മുഖം ഒരു വശത്തേക്ക് കോടി പോകുന്ന അവസ്ഥ, A കെകകാലുകള്‍ തളര്‍ന്നുപോകുന്ന അവസ്ഥ, S സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍  T - കൃത്യസമയത്ത് ആശുപത്രി സേവനം തേടുന്നതിന്റെ ആവശ്യകത എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും. ജില്ലാ ആശുപത്രിയില്‍ പക്ഷാഘാതത്തിനുള്ള ചികിത്സ ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു.

ജില്ലാ ആശുപത്രി ജനറല്‍ ഫിസിഷ്യന്‍ ഡോ. സോന പരിശീലന ക്ലാസ് നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി ഐ.പി.പി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ നഴ്സിംഗ് ഓഫീസര്‍ ഷൈല, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് സയന, ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡീയ ഓഫീസര്‍ പി പി രജിത എന്നിവര്‍ പങ്കെടുത്തു.

date