വനിതാ കര്‍ഷകര്‍ക്ക് സ്വന്തം സംരംഭം തുടങ്ങാം: 'കൃഷി സഖി' പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം
കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന'കൃഷി സഖി' - വനിതാ കര്‍ഷക വികസന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം. 2026 -27 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് 3.50 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാവാന്‍ ഒക്ടോബര്‍ 31നുള്ളില്‍ വനിതാ കര്‍ഷക സംഘങ്ങള്‍ അതത് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കേരള വികസന റിപ്പോര്‍ട്ട് 2026 പ്രകാരം സംസ്ഥാനത്ത് 99,259 സജീവ വനിതാ കര്‍ഷക സംഘങ്ങളിലായി 4,52,912 വനിതകള്‍ 51,883 ഏക്കര്‍ പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരില്‍ വലിയൊരു വിഭാഗം പ്രതിഫലം ലഭിക്കാത്ത കുടുംബ തൊഴിലാളികളായി തുടരുന്നു. ഈ സാഹചര്യത്തിലാണ് വനിതകളെ വൈദഗ്ധ്യമുള്ള കാര്‍ഷിക സംരംഭകരാക്കി മാറ്റാന്‍ 'കൃഷി സഖി' വിഭാവനം ചെയ്തത്.
സംസ്ഥാനത്താകെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 300 വനിതാ കര്‍ഷക സംഘങ്ങളെയാണ് ഈ വര്‍ഷം തിരഞ്ഞെടുക്കുക. അഞ്ചു മുതല്‍ 20 വരെ അംഗങ്ങളുള്ള സംഘങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഓരോ കൃഷിഭവനും ഒരു സംഘത്തെ കണ്ടെത്തി നല്‍കണം. ബ്ലോക്ക്, ജില്ലാ, സംസ്ഥാനതല സമിതികളുടെ പരിശോധനയ്ക്ക് ശേഷമാകും അന്തിമ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കുന്ന വനിത കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ഒരു ബ്ലോക്കില്‍ നിന്ന് പരമാവധി നാലു വനിതാ കര്‍ഷക ഗ്രൂപ്പുകളെ തിരഞ്ഞെടുത്ത് ജില്ലാ കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യും. ജില്ലയില്‍ നിന്ന് 26 വനിതാ ഗ്രൂപ്പുകളെയാകും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്യുക.
ഏറ്റവും കുറഞ്ഞത് 0.50 ഹെക്ടറില്‍ കൃഷി ചെയ്യുന്ന വനിതാ കാര്‍ഷിക ഗ്രൂപ്പുകള്‍, തയ്യാറാക്കി സമര്‍പ്പിക്കുന്ന പദ്ധതി രേഖയുടെ 75 ശതമാനമോ പരമാവധി 10 ലക്ഷം രൂപയോ ധനസഹായമായി ലഭ്യമാകും. തേങ്ങ, സുഗന്ധവ്യഞ്ജനം, പഴം, പച്ചക്കറി, ചെറുധാന്യം, തേന്‍, കൂണ്, പാല്, മുട്ട, മത്സ്യം തുടങ്ങിയവയുടെ വൃത്തിയാക്കല്‍, ഗ്രേഡിംഗ്, ഉണക്കല്‍, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സംഭരണം, വിപണനം തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും.
സംസ്ഥാനതല നോഡല്‍ ഏജന്‍സിയായി എസ്എഫ്എസികേരളയുടെ നേതൃത്വത്തില്‍ സംസ്ഥാന വനിതാ കര്‍ഷക കണ്‍സോര്‍ഷ്യം രൂപീകരിക്കും. ജില്ലാതലത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ചെയര്‍മാനും ആത്മ പ്രോജക്ട് ഡയറക്ടറുമായിട്ടുള്ള കമ്മിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്. കൃഷി വകുപ്പ്, കാര്‍ഷിക സര്‍വകലാശാല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ ഏകോപനത്തോടെ പദ്ധതി നടപ്പാക്കും. അഡീഷണല്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) സംസ്ഥാനതല മേല്‍നോട്ടം വഹിക്കും. പദ്ധതിയിലൂടെ വനിതാ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സുസ്ഥിര ഉപജീവനം ഉറപ്പാക്കാനും കഴിയുമെന്ന് കൃഷി വകുപ്പ് അറിയിച്ചു.
- Log in to post comments