Skip to main content
ലോക പക്ഷാഘാത ദിനം

ലോക പക്ഷാഘാത ദിനം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം,  ജില്ലാ പോലീസ് ഓഫീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി, പക്ഷാഘാത ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം, അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സി ആര്‍ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു.  

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ശരീരത്തിന്റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍. ഇവ ഉണ്ടായാല്‍ ഒരു മിനുട്ട് പോലും വൈകാതെ ചികിത്സ തേടണം.

പ്രധാനമായും രണ്ട് രീതിയിലാണ് സ്‌ട്രോക്കുള്ളത്. ഒന്ന്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലുള്ള അടവ് കാരണം ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഇസ്‌കീമിക് സ്‌ട്രോക്ക്. രണ്ട്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഹെമറാജിക് സ്‌ട്രോക്ക്.

സ്ട്രോക്ക് സംഭവിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിയാല്‍ രക്തക്കുഴലുകളിലുള്ള അടവ് അലിയിപ്പിക്കാനുള്ള/ മാറ്റുന്നതിനുള്ള ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കും. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇത്തരത്തിലുള്ള ചികിത്സ ലഭ്യമാണ്. നിയന്ത്രണ വിധേയമല്ലാത്ത രക്തസമ്മര്‍ദ്ദം, പുകവലി, മദ്യപാനം, ശരിയായ വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം എന്നിവയെല്ലാം പക്ഷാഘാതം സംഭവിക്കാന്‍ സഹായിക്കുന്ന  കാരണങ്ങളാണ്. 30 വയസ് കഴിഞ്ഞ വ്യക്തികള്‍ ഇതുവരെയും രക്തസമ്മര്‍ദ്ദ പരിശോധന നടത്തിയിട്ടില്ലെങ്കില്‍ നിര്‍ബന്ധമായും പരിശോധന നടത്തേണ്ടതും കൃത്യമായ കാലയളവില്‍, ചുരുങ്ങിയത് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും രക്തസമ്മര്‍ദ്ദം, പ്രമേഹ പരിശോധന എന്നിവ നടത്തേണ്ടതുമാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിക്കാനും ശ്രദ്ധിക്കണം.

പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ബിന്ദു തോമസ് അധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് സയന, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ റെജീന രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി ജനറല്‍ ഫിസിഷ്യന്‍ ഡോ. പി ജി മനോജ് പരിശീലന ക്ലാസ് നയിച്ചു.

date