ജില്ലയിലെ ഖരമാലിന്യ പരിപാലന പുരോഗതി വിലയിരുത്തി
ജില്ലയിലെ ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സ്പെഷ്യല്‍ സെല്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ ഖരമാലിന്യ പരിപാലനം ചട്ടം 2026 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ജില്ലയില്‍ 173 ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍മാര്‍ ഉണ്ടെങ്കിലും 153 പേര് മാത്രമാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നോട്ടീസ് നല്കാന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയിലുള്ള ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍മാരുടെ ആകെ എണ്ണം, രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം എന്നിവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന 200 വാഹനങ്ങളില്‍ 120 വാഹനങ്ങളില്‍ മാത്രമാണ് മാലിന്യം കാണാത്ത രീതിയില്‍ പൂര്‍ണ്ണമായും മൂടിയ നിലയിലുള്ളത്. ശേഷിക്കുന്ന വാഹനങ്ങളും മാലിന്യം കാണാത്തരീതിയില്‍ പൂര്‍ണ്ണമായും മൂടിയ നിലയിലാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും നിര്‍ദ്ദേശിച്ചു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഒരിടത്ത് മാലിന്യം തള്ളുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി. സാനിറ്ററി മാലിന്യങ്ങള്‍, ഡയപ്പറുകള്‍ എന്നിവയുടെ വികേന്ദ്രീകൃത സംസ്കരണത്തിനായി നിലവിലുള്ള സംവിധാനങ്ങളോടൊപ്പം നൂതന പദ്ധതികളും പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
എസ്.ഡബ്ല്യു.എം. സ്പെഷ്യല്‍ സെല്‍ രൂപീകരണം, ഉറവിട മാലിന്യം തരംതിരിക്കല്‍, വീടുകളില്‍നിന്നുള്ള മാലിന്യശേഖരണം, ജനപ്രതിനിധികള്‍ക്കുള്ള ബോധവത്കരണം, പഴയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയ വിഷയങ്ങളിലെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments