എസ്.സി- എസ്.ടി വികസനം: പ്രൊപ്പോസലുകള്‍ വ്യക്തവും കൃത്യവുമാകണമെന്ന് മന്ത്രി കെ.എ തുളസി
എസ്.സി- എസ്.ടി വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് സമയബന്ധിതമായി അംഗീകാരം ലഭ്യമാക്കുന്നതിന് സമര്‍പ്പിക്കുന്ന പ്രൊപ്പോസലുകള്‍ വ്യക്തവും കൃത്യവുമായിരിക്കണമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. പദ്ധതികളുടെ ആനുകൂല്യം ഈ വിഭാഗക്കാര്‍ക്ക് ലഭിക്കുംവിധം ആസൂത്രണം ചെയ്യണം. പട്ടികജാതി-പട്ടികവര്‍ഗ വികസനം ജില്ലാതല സമിതി യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഷോളയൂര്‍- കൂടന്‍ചാള കാര്‍ഷിക ജലസേചന പദ്ധതി മൂന്നുലക്ഷം ചെലവില്‍ പൂര്‍ത്തീകരിച്ചു. അട്ടപ്പാടി എം.ആര്‍.എസില്‍ രക്ഷിതാക്കള്‍ക്കുള്ള വിശ്രമമുറി നിര്‍മാണത്തിന് ടെന്‍ഡര്‍ സ്വീകരിച്ച് സൈറ്റ് വിസിറ്റ് പൂര്‍ത്തിയാക്കിയതായി യോഗത്തില്‍ അറിയിച്ചു. മാതൃകാ പൈതൃക ഉന്നതി നിര്‍മാണവുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് ജില്ലാ നിര്‍മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അഗളി ഗ്രാമപഞ്ചായത്തിലെ പോത്തുപാടി സെക്കന്റ് സൈറ്റ് ഊര്, വെള്ളമാരി നഗര്‍, കരടിപ്പാറ നഗര്‍, ഷോളയൂരിലെ വെള്ളക്കുളം ഊര്, വെങ്കടക്കടവ് നഗര്‍, പുതീരിലെ മേലെ ആനവായ് നഗര്‍ എന്നീ പദ്ധതികള്‍ അവലോകനം ചെയ്തു. മുന്‍ ജില്ലാതല കമ്മിറ്റികളില്‍ അംഗീകാരം നല്‍കിയ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു, എ ഡി എം എ അബ്ദുള്‍ ലത്തീഫ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ നൈനാന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments